തിരുവനന്തപുരം: സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി. സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യും. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും വളർമതി പറഞ്ഞു. നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്ഐആര്‍ ഇട്ടതുൾപ്പടെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അവർ വിമർശിച്ചു.
‘ഇന്നലെ സമാധാനപരമായി സമരം ചെയ്യവേയാണ് പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്. ശരീരം മുഴുവന്‍ ഇപ്പോഴും വേദനയാണ്. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയെ ഇങ്ങനെയാണോ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടുപോകുന്നത്.
വെയില് കൊണ്ടുള്ള തളര്‍ച്ച മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നതെന്നും വളര്‍മതി വിശദീകരിച്ചു.
ആശുപത്രിയില്‍വച്ച് ഡോക്ടര്‍ ഫോണ്‍വരെ പിടിച്ചു വാങ്ങി. അധികാരത്തിന്റെ ഹുങ്ക് കൈയില്‍ വച്ചാല്‍ മതിയെന്നും ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന ദിനം വരുമെന്നും വളര്‍മതി മുന്നറിയിപ്പ് നല്കി. മരണം സംഭവിച്ചാലും ഇവിടെ തന്നെ സമരം തുടരും. നാളെ യുവജനങ്ങള്‍ അണിനിരക്കുന്ന ശക്തമായ സമരം നടക്കും’ എന്നും അവര്‍ വ്യക്തമാക്കി.
