ആശുപത്രി മുറിയിൽ രോഗശയ്യയിൽ കിടക്കുന്ന അമ്മയ്ക്ക് മുന്നിൽ ഓടക്കുഴൽ വായിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി അർജുൻ മുണ്ട. അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടീക്കാനും സന്തോഷം നൽകാനുമായി അദ്ദേഹം നടത്തിയ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കീഴടക്കുകയാണ്.
ജംഷെഡ്പൂരിലെ ആശുപത്രിയിലായിരുന്നു ഈ ഹൃദ്യമായ മുഹൂർത്തം. അസുഖബാധിതയായി കിടക്കുന്ന തന്റെ അമ്മ സൈറ മുണ്ടയെ കാണാൻ എത്തിയതായിരുന്നു അർജുൻ മുണ്ട. അമ്മയെ ആശ്വസിപ്പിക്കുന്നതിനായി തന്റെ പ്രിയപ്പെട്ട സംഗീതോപകരണമായ ഓടക്കുഴൽ അദ്ദേഹം കയ്യിലെടുക്കുകയായിരുന്നു.
മകൻ ഓടക്കുഴൽ വായിക്കുന്നത് കണ്ട് കിടക്കയിൽ കിടന്ന അമ്മ സന്തോഷത്തോടെ പുഞ്ചിരിക്കുകയും, തുടർന്ന് കൈ ഉയർത്തി അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ഈ മനോഹരമായ നിമിഷത്തിന്റെ വീഡിയോ അർജുൻ മുണ്ട തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
“ഇന്ന് അമ്മയോടൊപ്പം ചെലവഴിച്ച വിലയേറിയതും വൈകാരികവുമായ ചില നിമിഷങ്ങൾ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ അമ്മ. അമ്മയുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ശക്തി.” – അർജുൻ മുണ്ട എക്സിൽ കുറിച്ചു.
രാഷ്ട്രീയ തെരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാണ് അർജുൻ മുണ്ട ഏറെ നാളായി അസുഖബാധിതയായ അമ്മയെ കാണാനായി എത്താറുള്ളത്. അമ്മയുടെ മനസ്സ് സന്തോഷിപ്പിക്കാൻ അദ്ദേഹം ചെയ്ത ഈ മാതൃകാപരമായ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേരാണ് മുൻമുഖ്യമന്ത്രിയുടെ ഈ ലളിതമായ ജീവിതരീടിയെയും അമ്മയോടുള്ള സ്നേഹത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.
