തൊട്ടടുത്ത് കൈ കഴുകാനുള്ള വാഷ് ബേസിൻ സൗകര്യമുണ്ടായിട്ടും ഡൈനിംഗ് ടേബിളിന് അരികിൽ വെച്ച് കൈ കഴുകിയ ഉപഭോക്താവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നു. സിംഗപ്പൂരിലെ ‘ഡി സിഗ്നേച്ചേഴ്സ്’ (DK Signatures) എന്ന റെസ്റ്റോറന്റിലാണ് നാടകീയമായ സംഭവം നടന്നത്.
റെസ്റ്റോറന്റ് അധികൃതർ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഉപഭോക്താവിന്റെ ഈ അസാധാരണ പ്രവർത്തി ദൃശ്യമാകുന്നത്. ഭക്ഷണമേശയ്ക്ക് സമീപം നിന്ന് ഇയാൾ കൈയിലേക്ക് വെള്ളമൊഴിച്ചു കഴുകുമ്പോൾ ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു. ഇയാൾ കഴുകിയ വെള്ളം മുഴുവൻ റെസ്റ്റോറന്റിന്റെ തറയിലേക്ക് പടർന്നൊഴുകുകയും ചെയ്തു.
മേശയ്ക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടതിനെത്തുടർന്ന് റെസ്റ്റോറന്റിലെ ജീവനക്കാരൻ മോപ്പുമായി എത്തി തറ തുടച്ചു വൃത്തിയാക്കാൻ നിർബന്ധിതനായി. ജീവനക്കാരൻ കഷ്ടപ്പെട്ട് തറ തുടയ്ക്കുമ്പോഴും ഇതൊന്നും വകവെക്കാതെ ഉപഭോക്താക്കൾ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു. ഇത് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് കാണിക്കുന്ന അനാദരവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയത്.
“ഞങ്ങളുടെ സ്ഥാപനത്തിന്റെ മുൻവശത്ത് വാഷ് ബേസിനും പിൻവശത്ത് ശൗചാലയവും ലഭ്യമാണ്. കൈ കഴുകുന്നതിനായി സോപ്പും ടിഷ്യൂവും നൽകിയിട്ടുണ്ട്. സീഫുഡും മറ്റും കൈകൊണ്ട് കഴിച്ച ശേഷം കൈ കഴുകുന്നത് സ്വാഭാവികമാണ്. എന്നാൽ ഡൈനിംഗ് ടേബിളുകൾ അതിനുള്ള സ്ഥലമല്ല.”- റെസ്റ്റോറന്റ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഡൈനിംഗ് ടേബിളിന് അരികിൽ വെച്ച് കൈ കഴുകുന്നത് തറയിൽ വെള്ളം കെട്ടിനിന്ന് ആളുകൾ വഴുതി വീഴാനുള്ള അപകടസാധ്യത വർധിപ്പിക്കുമെന്നും, ശുചിത്വത്തിന് ഭീഷണിയാണെന്നും റെസ്റ്റോറന്റ് വ്യക്തമാക്കി. അടിസ്ഥാനപരമായ ഭക്ഷണ ശീലങ്ങളും ജീവനക്കാരോടുള്ള മര്യാദയും പാലിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് റെസ്റ്റോറന്റ് അധികൃതർ വീഡിയോ പങ്കുവെച്ചത്.
