ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോടതിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനയ് ത്യാഗി ചികിത്സയ്ക്കിടെ മരിച്ചു. ബുധനാഴ്ച റൂർക്കി ജയിലിൽ നിന്നും ലക്സർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ലക്സർ ഫ്ലൈഓവറിന് സമീപം ബൈക്കിലെത്തിയ രണ്ടുപേർ വിനയ് ത്യാഗിയെ വെടിവയ്ക്കുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു. വെടിവയ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു. സുനിൽ രതി സംഘത്തിലെ അംഗമായ ത്യാഗിക്ക് മൂന്ന് വെടിയേറ്റതായും ഗുരുതരാവസ്ഥയിൽ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചതായും ശനിയാഴ്ച രാവിലെ മരിച്ചതായും പോലീസ് പറഞ്ഞു.
വെടിവയ്പ്പ് നടത്തിയ സണ്ണി യാദവ്, അജയ് എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
അതേസമയം, വിനയ് ത്യാഗിയുടെ കൊലപാതകത്തിൽ പോലീസിന് പങ്കുണ്ടെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
