നെൽവയലിലിറങ്ങിയ കാട്ടാനയെ പന്തം വീശി തുരത്താൻ ശ്രമിച്ച ഗ്രാമവാസികൾക്ക് നേരെ ആന ക്രോധത്തോടെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഭീതി വിതയ്ക്കുന്നു. പന്തം കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ കാട്ടാന പെട്ടെന്ന് തിരിഞ്ഞ് ആക്രമണസ്വഭാവത്തോടെ ഓടിയടുക്കുകയായിരുന്നു.
മുട്ടൊപ്പം വെള്ളവും ചെളിയുമുള്ള നെൽവയലിലൂടെ കഷ്ടപ്പെട്ട് നീങ്ങാൻ ശ്രമിച്ച ആനയ്ക്ക് നേരെയാണ് ഗ്രാമവാസികൾ പന്തം വീശിയത്. എന്നാൽ, നിമിഷനേരം കൊണ്ട് ആന ഭീകരമായി ജനങ്ങൾക്ക് നേരെ പാഞ്ഞടുത്തതോടെ ആളുകൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടത്തിനിടയിൽ പലരും ചെളിയിലേക്ക് നിലംപതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ഡോ. പി.എം. ധകാതെയാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. ചെളി നിറഞ്ഞ ഭൂപ്രകൃതിയിലും കാട്ടാനകൾക്ക് വിചാരിക്കുന്നതിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. ആനകളുടെ വീതിയുള്ള പാദങ്ങൾ അവയുടെ ശരീരഭാരം തുല്യമായി വിഭജിക്കുന്നതിനാൽ ചെളിയിലും വേഗത്തിൽ ഓടാൻ അവയ്ക്ക് കഴിയും.
വന്യമൃഗങ്ങളെ വളഞ്ഞുനിൽക്കുന്നതും, ബഹളം വെക്കുന്നതും, പന്തമോ പടക്കമോ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭയപ്പെടുന്ന ഒരു കാട്ടാന ഒരിക്കലും പിന്തിരിഞ്ഞോടില്ലെന്നും, പകരം സ്വയം രക്ഷയ്ക്കായി നേർക്കുനേർ ആക്രമിക്കാനാണ് തുനിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടാനകളെ കാണുമ്പോൾ കൃത്യമായ സുരക്ഷിത അകലം പാലിക്കണമെന്നും അവയ്ക്ക് വഴിമാറിപ്പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കാട്ടാനകളെ കുറഞ്ഞ ദൂരത്തിൽ നേരിടുന്നത് വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പുണ്ട്.
