ബംഗളൂരുവിലെ കനത്ത മഴയിൽ ബൈക്കിന്റെ ടോപ്പ് ബോക്സ് തെറിച്ചുവീണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മാക്ബുക്കും പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെട്ട ബീഹാർ സ്വദേശിയായ ഹർഷിത് സുരേക്കയ്ക്ക്, അത്ഭുതകരമായ രീതിയിലാണ് തന്റെ പ്രിയപ്പെട്ട വസ്തുക്കൾ തിരികെ ലഭിച്ചത്.
ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോക്സ് വീണുപോയത്. വീടെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഹർഷിത് അറിയുന്നത്. ഉടൻ തന്നെ കനത്ത മഴ വകവെയ്ക്കാതെ പോയ വഴിയിലൂടെ തിരികെ സഞ്ചരിച്ച് ആളുകളോട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ, വഴിയിൽ വീണുകിടന്ന പെട്ടി ഒരു ഇ-റിക്ഷാ ഡ്രൈവർ എടുത്തുകൊണ്ടുപോയതായി ചിലരിൽ നിന്ന് വിവരം ലഭിച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്ക് വഴിത്തിരിവായ ആ കാര്യം ഹർഷിതിന് ഓർമ്മവന്നത്. നഷ്ടപ്പെട്ട ബോക്സിൽ തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകളുടെ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഉടൻ തന്നെ ഇൻസ്റ്റാഗ്രാം മെസ്സേജുകൾ പരിശോധിച്ച ഹർഷിത്, റിക്ഷാ ഡ്രൈവറുടെ ഫോൺ നമ്പർ അടങ്ങിയ സന്ദേശം കണ്ടത്തുകയും അദ്ദേഹത്തെ ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് ഡ്രൈവറെ നേരിൽ കണ്ട് മാക്ബുക്ക് അടക്കമുള്ള സാധനങ്ങൾ ഹർഷിത് സുരക്ഷിതമായി കൈപ്പറ്റി. സന്തോഷവും ആശ്വാസവും കൊണ്ട് ഡ്രൈവർക്ക് പ്രതിഫലമായി പണം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. ലോകത്ത് ഇന്നും നന്മ ബാക്കിയുണ്ടെന്നും അപൂർവ്വമെങ്കിലും ഇത്തരം മനുഷ്യത്വപരമായ പ്രവർത്തികൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഹർഷിത് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
