ഒരു പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ പുതുതായി വിവാഹിതയായ ഒരു അധ്യാപികയോട് നടത്തിയ വിചിത്രമായ ആവശ്യത്തെക്കുറിച്ചുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രസവം ജൂൺ മാസത്തിലാക്കാൻ പ്ലാൻ ചെയ്യണം, എന്ന് ഇന്റർവ്യുവിൽ ആവശ്യപെടുന്ന വിചിത്രമായ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
അധ്യാപികയുടെ ഭർത്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. മികച്ച പ്രവൃത്തിപരിചയമുള്ള ഈ അധ്യാപിക ഒരു പ്രമുഖ പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് പോയതായിരുന്നു. ഇന്റവ്യുവിൽ അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു, എന്നാൽ അപ്പോഴാണ് ഈ വിചിത്രമായ ആവശ്യം പ്രിൻസിപ്പൽ ഉന്നയിക്കുന്നത്.
സ്കൂളിലെ പ്രിൻസിപ്പൽ അധ്യാപിക പുതുതായി വിവാഹിതയായതാണെന്ന് മനസ്സിലാക്കി ഒരു നിബന്ധന മുന്നോട്ട് വെച്ചു. ഭാവിയിൽ കുഞ്ഞുണ്ടാകാൻ പ്ലാൻ ചെയ്യുമ്പോൾ പ്രസവം ജൂൺ മാസത്തിലാക്കാൻ ശ്രദ്ധിക്കണം എന്നായിരുന്നു ആവശ്യം. ജൂലൈയിലാണ് പ്രസവമെങ്കിൽ ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇനി അധ്യയന വർഷത്തിന്റെ ഇടയിലാണ് പ്രസവമെങ്കിൽ താത്കാലികമായി മറ്റൊരു അധ്യാപികയെ കണ്ടെത്തുന്നത് സ്കൂൾ മാനേജ്മെന്റിന് വലിയ ശല്യമായിരിക്കും എന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്.
പ്രിൻസിപ്പലിന്റെ ഈ ചോദ്യം കേട്ട് അധ്യാപിക ഞെട്ടിപോയി എന്നാൽ മറുപടിയൊന്നും നല്കാതെ അവർ ജോലി സ്വീകരിക്കുകയായിരുന്നു എന്നും പറഞ്ഞു. എന്നാൽ ഇന്റർവ്യൂകളിൽ ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നത് നിയമവിരുദ്ധമാണെന്നും, പ്രിൻസിപ്പലിന്റെ ആവശ്യം അങ്ങേയറ്റം ക്രൂരവും വിചിത്രവുമാണെന്നും പലരും കമന്റ് ചെയ്തു.
