പഠനം പൂർത്തിയാക്കി ആദ്യമായി ഒരു ജോലി സ്വന്തമാക്കുക എന്നത് ഏതൊരു ഉദ്യോഗാർഥിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ പ്രതിസന്ധികൾ നിറഞ്ഞ ഐടി വിപണിയിൽ കഷ്ടപ്പെട്ട് നേടിയെടുത്ത ആദ്യ ജോലിയുടെ സന്തോഷം, ഒരു ബന്ധുവിന്റെ പരിഹാസ കമന്റ് കാരണം നഷ്ടമായ മനസ്സ് തുറക്കുകയാണ് 2026ൽ ബിരുദം പൂർത്തിയാക്കിയ ഒരു ഉദ്യോഗാർഥി.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ‘ഡെവലപ്പേഴ്സ് ഇന്ത്യ’ എന്ന ഗ്രൂപ്പിൽ യുവാവ് തന്റെ സങ്കടം പങ്കുവെച്ചത്. പ്രതിമാസം 25,000 രൂപ ശമ്പളത്തിൽ ഒരു കമ്പനിയിൽ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു താനെന്ന് യുവാവ് പറയുന്നു.
“ഞാൻ 2026ൽ പഠിച്ചിറങ്ങിയ ആളാണ്. അടുത്തിടെ ഒരു നല്ല കമ്പനിയിൽ പ്രതിമാസം 25,000 രൂപ ശമ്പളത്തിൽ എനിക്ക് ജോലി ലഭിച്ചു. ഈ ജോലി കിട്ടുക എന്നത് എനിക്ക് എളുപ്പമായിരുന്നില്ല. സാങ്കേതികവിദ്യയിൽ ഞാൻ അത്ര അസാമാന്യ പ്രതിഭയൊന്നുമല്ല, ഒരു ശരാശരിക്കാരനാണ്. നിലവിലെ തൊഴിൽ വിപണി അത്ര മികച്ചതുമല്ല. അതുകൊണ്ട് തന്നെ ഈ ജോലി ലഭിച്ചതിൽ ഞാൻ ആത്മാർഥമായി സന്തോഷിച്ചിരുന്നു, യുവാവ് കുറിച്ചു.
ജോലി ലഭിക്കുന്നതിന് മുൻപ് ഭാവി എന്താണെന്ന് ചോദിച്ച് ഈ ബന്ധുക്കൾ നിരന്തരം ശല്യം ചെയ്തിരുന്നു. ജോലി കിട്ടിയ ശേഷം ശമ്പളവിവരം പങ്കുവെച്ചപ്പോഴാണ് ക്രൂരമായ പ്രതികരണം ഉണ്ടായത്. എന്താ? ഇത്രയേ ഉള്ളൂ?’ അന്നുമുതൽ ആ വാക്കുകൾ എന്റെ മനസ്സിൽ കിടന്ന് കറങ്ങുകയാണ്. 25,000 രൂപ വലിയൊരു ശമ്പളമല്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കഴിവും ഇപ്പോഴത്തെ കടുത്ത മത്സരവും വെച്ചുനോക്കുമ്പോൾ ഇതൊരു നല്ല തുടക്കമാണെന്ന് ഞാൻ കരുതി. ആർക്കെങ്കിലും ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അവരെങ്ങനെയാണ് ഇതിനെ അതിജീവിച്ചതെന്ന് യുവാവ് ചോദിക്കുന്നു.
പോസ്റ്റ് വൈറലായതോടെ യുവാവിന് വലിയ പിന്തുണയുമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയത്. ബന്ധുക്കളുടെ വാക്കുകൾ അവഗണിക്കാൻ പലരും ഉപദേശിച്ചു.മാതാപിതാക്കളോടോ പങ്കാളിയോടോ അല്ലാതെ മറ്റാരോടും കൃത്യമായ ശമ്പളവിവരം പറയരുതെന്നും, ചോദിച്ചാൽ “ജീവിക്കാൻ ആവശ്യമുള്ളതുണ്ട്” എന്ന് മാത്രം മറുപടി നൽകി ഒഴിഞ്ഞുമാറണമെന്നും ഭൂരിഭാഗം പേരും യുവാവിനെ ഉപദേശിച്ചു.
