കമ്പനികളോടുള്ള ജീവനക്കാരുടെ അമിതമായ കൂറ് പലപ്പോഴും കരിയർ വളർച്ചയ്ക്ക് തടസമാകാറുണ്ട് എന്ന വാദത്തെ ശരിവെക്കുന്ന ഒരു യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയാകുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനം പെട്ടെന്ന് പിരിച്ചുവിട്ടതിന് പിന്നാലെ, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ തന്റെ പ്രതിമാസ ശമ്പളം ഇരട്ടിയിലധികമാക്കാൻ സാധിച്ചതിന്റെ ഞെട്ടലിലാണ് ഒരു ഐടി പ്രൊഫഷണൽ.
റെഡ്ഡിറ്റിൽ ‘സാലറി ഹൈക്ക് ലെഫ്റ്റ് മീ ഷോക്ക്ഡ്’ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു പ്രൊഡക്റ്റ് ബേസ്ഡ് കമ്പനിയിൽ കഴിഞ്ഞ നാലര വർഷമായി കുറഞ്ഞ ശമ്പള വർദ്ധനവ് കാരണം പ്രതിമാസം 70,000 രൂപയ്ക്കായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഇത്രയും കാലം സ്ഥാപനത്തോട് വിശ്വസ്തത പുലർത്തിയിട്ടും, കമ്പനിയിൽ നടന്ന പുനർഘടനയുടെ ഭാഗമായി ഇയാളെ പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട സെവറൻസ് പേയ്മെന്റിനെ ച്ചൊല്ലി കമ്പനിയിലെ എച്ച്ആറുമായി യുവാവിന് തർക്കത്തിലേർപ്പെടേണ്ടി പോലുമുണ്ടായി.എന്നാൽ ജോലി നഷ്ടപ്പെട്ട അതേ ദിവസം തന്നെ യുവാവിനെ തേടി ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു വിദേശ കമ്പനിയുടെ ഓഫർ ലെറ്റർ എത്തുകയായിരുന്നു.
“നാലര വർഷമായി എനിക്ക് പ്രതിമാസം 70,000 രൂപ തന്നിരുന്ന കമ്പനിയിൽ നിന്നാണ് എന്നെ പിരിച്ചുവിട്ടത്. ജോലി പോയ ആഘാതത്തിൽ എച്ച്ആറുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് വിദേശത്തുനിന്നും എനിക്ക് പുതിയൊരു ജോലി ഓഫർ വരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് യുവാവ് കുറിച്ചു. പുതിയ ജോലിയിൽ പ്രതിമാസം 1.58 ലക്ഷം രൂപയാണ് യുവാവിന് ശമ്പളമായി ലഭിക്കുക. യുഎസ് ഡോളറിലായിരിക്കും തുക അക്കൗണ്ടിലെത്തുക. പൂർണ്ണമായും വർക്ക് ഫ്രം ഹോം ആയതിനാൽ യാത്രാച്ചെലവുകൾ ഇല്ലാതെ വലിയൊരു തുക സമ്പാദിക്കാൻ കഴിയുമെന്നും യുവാവ് കൂട്ടിച്ചേർത്തു.
ശമ്പളത്തിൽ ഉണ്ടായ ഈ വൻ കുതിച്ചുചാട്ടം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് യുവാവ് വ്യക്തമാക്കുന്നു. “ഇത്രയും തുക എനിക്ക് ലഭിക്കുമെന്ന് ചിന്തിക്കാൻ പോലും എനിക്ക് ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഒരേ സ്ഥലത്ത് കുറഞ്ഞ ശമ്പളത്തിൽ തുടരുമ്പോൾ നമ്മൾ ഒന്നിനും കൊള്ളാത്തവരാണെന്ന് സ്വയം വിശ്വസിച്ചുപോകും,” യുവാവ് തന്റെ കുറിപ്പിൽ വൈകാരികമായി എഴുതി.
റെഡ്ഡിറ്റിൽ വലിയ രീതിയിൽ തരംഗമായ ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് യുവാവിന് ആശംസകളുമായി എത്തിയത്. കോർപ്പറേറ്റ് ലോകത്ത് ഒരു കമ്പനിയിലും ദീർഘകാലം തുടരരുതെന്നും കൃത്യമായ ഇടവേളകളിൽ ജോലി മാറുകയാണ് നല്ലതെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്രയും വലിയൊരു ശമ്പള വർദ്ധനവ് ലഭിച്ചത് അവിശ്വസനീയമാണെന്നും, കഠിനാധ്വാനത്തിന് അർഹിച്ച അംഗീകാരമാണ് യുവാവിനെ തേടിയെത്തിയതെന്നും നെറ്റിസൺസ് കുറിച്ചു.
