അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ തന്റെ ശമ്പളം വെറും ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയാക്കി (24.8 ലക്ഷം രൂപ) ഉയർത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പർ ആയ യുവാവ് തന്നെയാണ് റെഡ്ഡിറ്റിലൂടെ തന്റെ ഈ നേട്ടം പങ്കുവെച്ചത്.
തന്റെ കരിയർ 3.3 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ടിസിഎസിലാണ് ഇദ്ദേഹം തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നാല് വർഷത്തിന് ശേഷവും ശമ്പളം 7.8 ലക്ഷം രൂപയായി മാത്രമാണ് ഉയർന്നത്. ഈ മന്ദഗതിയിലുള്ള വളർച്ചയാണ് കരിയറിൽ മാറ്റം വരുത്താൻ യുവാവിനെ പ്രേരിപ്പിച്ചത്.
2025 ജൂലൈയിൽ നടത്തിയ ആദ്യ സ്വിച്ചിലൂടെ ശമ്പളം ഇരട്ടിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് നടന്ന ചില സംഭവവികാസങ്ങളെത്തുടർന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാൻ തീരുമാനിക്കുകയും 22 ശതമാനം ശമ്പള വർദ്ധനവിൽ ജോലി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം ലഭിച്ച അവസരം അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിച്ചു. നിലവിൽ എമെക്സ് ജിബിടി എന്ന കമ്പനിയിൽ ചേർന്നതോടെയാണ് ശമ്പളം 24.8 ലക്ഷം രൂപയിലെത്തിയത്.
ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന പലരും ഇദ്ദേഹത്തോട് ഉപദേശങ്ങൾ തേടുകയും ചെയ്തു. കരിയറിലെ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ യുവാവിന്റെ തീരുമാനങ്ങളെ പ്രശംസിക്കുന്നതായിരുന്നു ഭൂരിഭാഗം അഭിപ്രായങ്ങളും.
