ഇന്ത്യയിൽ ഒരു കുട്ടിയെ 18 വയസുവരെ വളർത്താൻ മാതാപിതാക്കൾ ഏകദേശം 1.39 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന കണ്ടന്റ് ക്രിയേറ്ററുടെ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനമെടുത്ത വിഖ്യാത് സിംഗ് എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഗർഭധാരണം മുതൽ 18 വയസു വരെയുള്ള സാധ്യമായ എല്ലാ ചെലവുകളും കണക്കാക്കി ഈ വീഡിയോ പങ്കുവെച്ചത്.
കുട്ടിയുടെ 2 മുതൽ 18 വയസ് വരെയുള്ള ഭക്ഷണത്തിനായി 15 ലക്ഷം രൂപയും, പ്ലേ സ്കൂൾ മുതൽ സ്കൂൾ ഫീസും യാത്രകളും അടങ്ങുന്ന വിദ്യാഭ്യാസത്തിനായി 33 ലക്ഷം രൂപയും ചെലവാകും. ഇതുകൂടാതെ ട്യൂഷൻ, ആരോഗ്യപരിപാലനം, വിനോദം, വസ്ത്രങ്ങൾ, ഗാഡ്ജെറ്റുകൾ, വലിയ വീടിന്റെ വാടക എന്നിവ ഉൾപ്പെടെ മൊത്തം 1.39 കോടി രൂപ തുക എത്തുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഗർഭകാലത്തെ ഡോക്ടർ പരിശോധനകൾ, മരുന്നുകൾ, പ്രസവം എന്നിവയ്ക്കായി സ്വകാര്യ ആശുപത്രിയിൽ ഏകദേശം 3 ലക്ഷം രൂപ ചെലവാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ആദ്യ രണ്ടു വർഷത്തെ ഭക്ഷണത്തിനും ഡയപ്പറുകൾക്കും വാക്സിനേഷനുമായി 6 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
കോളേജ് ഫീസും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ യഥാർഥ ചെലവ് 2 കോടി രൂപയിലധികം ആകുമെന്നും, ഇത് ഒരു ആഡംബര കാറിന്റെ വിലയ്ക്ക് തുല്യമാണെന്നും വിഖ്യാത് തമാശയായി കൂട്ടിച്ചേർത്തു. എന്നാൽ പണത്തേക്കാൾ വലിയ സന്തോഷവും അർത്ഥവുമാണ് ഒരു കുഞ്ഞ് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കി ഭൂരിഭാഗം പേരും ഇതിനോട് പ്രതികരിച്ചു.
