അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ യൂട്യൂബർ അൻഷു ബിഷ്തിന്റെ ഫോൺ മോഷ്ടിക്കപ്പെട്ടു. എന്നാൽ കൃത്യമായ സമയത്ത് ഇടപെട്ട യുഎസ് പോലീസ് മിനിറ്റുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി ഫോൺ തിരികെ ഏൽപ്പിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അൻഷു ഈ നാടകീയ സംഭവങ്ങൾ പങ്കുവെച്ചത്.
യൂട്യൂബിൽ 80 ലക്ഷത്തിലധികം സബ്സ്ക്രൈബറുള്ള അൻഷു ബിഷ്ത് പ്രശസ്തനായ ഗെയിമിംഗ് കണ്ടന്റ് ക്രിയേറ്ററാണ്. സാൻ ഫ്രാൻസിസ്കോയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു അൻഷു.
ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനായി മേശപ്പുറത്ത് ഫോൺ വെച്ച് മാറിനിന്ന സമയത്താണ് സംഭവം നടന്നത്. പിന്നിലൂടെ എത്തിയ ഭവനരഹിതനായ ഒരാൾ ഫോണെടുത്ത് സ്കൂട്ടറിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മറ്റൊരു ഫോണിന്റെ സഹായത്തോടെ അൻഷു തന്റെ ഫോണിന്റെ ലൊക്കേഷൻ തത്സമയം ട്രാക്ക് ചെയ്തു. എന്നാൽ മോഷ്ടാവിനെ തനിയെ പിന്തുടരുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെ അദ്ദേഹം ഉടൻ തന്നെ ‘911’ എന്ന നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടുകയായിരുന്നു.
ലൊക്കേഷൻ വിവരങ്ങൾ കൈമാറിയ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ വളഞ്ഞു പിടികൂടുകയും അൻഷുവിന് ഫോൺ തിരികെ നൽകുകയും ചെയ്തു. “മറ്റൊരു ഫോണിലൂടെ എനിക്ക് ലൊക്കേഷൻ കാണാമായിരുന്നു. പക്ഷെ ഞാൻ തനിയെ അങ്ങോട്ട് പോയാൽ അയാൾ എന്നെ ആക്രമിച്ചാലോ എന്ന് ഭയന്നു. തുടർന്നാണ് പോലീസിനെ വിളിച്ചത്. യുഎസ് പോലീസിന്റെ സേവനം അവിശ്വസനീയമാണ്! അവരോടുള്ള ബഹുമാനം ഇരട്ടിച്ചു. – അൻഷു ബിഷ്ത് വീഡിയോയിൽ പറഞ്ഞു.
മാനസികമായി തളർന്ന അൻഷുവിനെ ആശ്വസിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ, ഭാവിയിൽ ഏത് അടിയന്തിര ഘട്ടത്തിലും സഹായത്തിനായി പോലീസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും ഓർമിപ്പിച്ചു. പോലീസിന്റെ പെട്ടെന്നുള്ള പ്രതികരണത്തിനും സേവനത്തിനും അൻഷു സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.
