ജൂലൈ മാസം അടുത്തിട്ടും മുംബൈ നഗരത്തിൽ കടുത്ത ചൂടിന് ശമനമില്ല. മഴ പെയ്യാത്തതിനെ തുടർന്ന് താപനില ഉയർന്നതോടെ, രാത്രിയും പകലും ചൂടിൽ നിന്ന് രക്ഷനേടാൻ വെർസോവ കടൽത്തീരത്ത് അഭയം പ്രാപിച്ചിരിക്കുകയാണ് നൂറുകണക്കിന് ആളുകൾ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന വൻ ജനക്കൂട്ടം തീരത്ത് പായ വിരിച്ച് കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചൂട് സഹിക്കാൻ കഴിയാത്തതിനാലാണ് ദിവസവും കടൽത്തീരത്ത് വന്ന് കിടക്കുന്നതെന്ന് പ്രദേശത്തെ ചേരി നിവാസികൾ പറഞ്ഞു. ഇതിന് മുൻപും സമാനമായ രീതിയിൽ രാത്രികാലങ്ങളിൽ ആളുകൾ വെർസോവ ബീച്ചിൽ ഉറങ്ങുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു.
സമാനമായ മറ്റൊരു സംഭവം മുംബൈയ്ക്ക് സമീപമുള്ള ഭയന്ദർ ഈസ്റ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ആനന്ദ് ദിഗെ മൈതാനത്ത് ധാരാളം അതിഥി തൊഴിലാളികളാണ് തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നത്. ഇന്ദിരാ നഗർ പ്രദേശത്ത് താമസിക്കുന്നവരാണ് ഇവർ.
തങ്ങളുടെ തകര മേൽക്കൂരയുള്ള ചെറിയ വീടുകളിൽ ചൂട് അസഹനീയമായതിനാലാണ് രാത്രിയിൽ തങ്ങൾ തുറസ്സായ മൈതാനത്ത് കിടന്നുറങ്ങുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. രാത്രികാലങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുന്നതിനാൽ വീടുകൾക്കുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു.
തുടർന്ന്, മൈതാനത്ത് അഭയം പ്രാപിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു. സാധാരണക്കാരായ ജനങ്ങൾക്കിടയിൽ സാമൂഹിക വിരുദ്ധരോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ഒളിച്ചുകഴിയുന്നില്ല എന്ന് ഉറപ്പാക്കാനാണ് ഈ സുരക്ഷാ പരിശോധനയെന്ന് അദ്ദേഹം വ്യക്തമാക്കി.
