പാകിസ്ഥാനെതിരേ ബാറ്റിംഗിന് ഇറങ്ങാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് കിട്ടിയപ്പോള്‍ സെവാഗിന്റെ വക ഉഗ്രന്‍ കമന്റ് ! വീരുവിന്റെ ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍…

ഗയാന:വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാക് താരങ്ങള്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ വന്നു വീണത് 10 റണ്‍സാണ്. രണ്ടു തവണയായി അഞ്ചു റണ്‍സ് വീതം പിഴ ചുമത്തിയതോടെയാണ് ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് ലഭിച്ചത്. ഇതോടെ, പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആകെ 124 റണ്‍സേ എടുക്കേണ്ടി വന്നുള്ളൂ. ട്രോളുകളുടെ ആശാനായ വീരേന്ദര്‍ സെവാഗ് ഈ അവസരവും പാഴാക്കിയില്ല. ഇന്ത്യയ്ക്ക് ലഭിച്ച 10 റണ്‍സ് ‘ദീപാവലി ബോണസാ’ണെന്നു പറഞ്ഞ സേവാഗിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിനു പിന്നാലെ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാറ്റു ചെയ്യുന്നതിനിടെ പാക് താരങ്ങള്‍ അനുവദനീയമല്ലാത്ത മേഖലയിലൂടെ റണ്ണിനായി ഓടുന്നത് ശ്രദ്ധിയല്‍പ്പെട്ട അംപയര്‍മാര്‍ 13-ാം ഓവറിന്റെ അവസാനം ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, മല്‍സരം അവസാന ഓവറുകളിലേക്ക് കടന്നതോടെ പാക് താരങ്ങള്‍ സമാനമായ കുറ്റം ആവര്‍ത്തിച്ചു. 18-ാം ഓവറിന്റെ ആദ്യ പന്തില്‍ സിംഗിളിനു ശ്രമിക്കുമ്പോഴാണ് മുന്നറിയിപ്പു ലഭിച്ചിട്ടും പാക്ക് താരങ്ങളായ ബിസ്മ മറൂഫും നിദ ദാറും തെറ്റ് ആവര്‍ത്തിച്ചത്. ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയ അംപയര്‍മാരായ സ്യൂ റെഡ്‌ഫേണ്‍, ഗ്രിഗറി ബ്രാത്വയ്റ്റ് എന്നിവര്‍ പാക്കിസ്ഥാന് അഞ്ചു റണ്‍സ് പിഴ ചുമത്താന്‍ തീരുമാനിച്ചു. നിയമം ലംഘിച്ച് നേടിയ റണ്‍സ് അനുവദിച്ചുമില്ല. ഇക്കാര്യം അംപയര്‍മാര്‍ പാക്ക് ടീമിനെ അറിയിച്ചു. സിംഗിള്‍ നിഷേധിച്ച സാഹചര്യത്തില്‍ ആ പന്തു നേരിട്ട ദാര്‍ തന്നെയാണ് ക്രീസില്‍ നില്‍ക്കേണ്ടിയിരുന്നതെങ്കിലും അക്കാര്യം ശ്രദ്ധിക്കുന്നതില്‍ അംപയര്‍മാര്‍ക്കും വീഴ്ച പറ്റി.

പാക്ക് ഇന്നിങ്‌സ് അവസാന ഓവറിലേക്കു കടന്നതോടെ താരങ്ങള്‍ക്കു വീണ്ടും പിഴച്ചു. പൂനം യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നേരിടാന്‍ ക്രീസില്‍ ഉണ്ടായിരുന്നത് സിദ്ര നവാസ്. സനാ മിര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും. സനാ മിര്‍ ക്രീസില്‍ എത്തുന്നതിനു മുന്‍പ് വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്യ ബെയില്‍സ് തെറിപ്പിച്ചെങ്കിലും റീപ്ലേകളില്‍ അവര്‍ ഔട്ടല്ലെന്നു വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇരുവരും വീണ്ടും അനുവദനീയമല്ലാത്ത മേഖലയിലൂടെ ഓടിയതായി കണ്ടെത്തിയ അംപയര്‍ റെഡ്‌ഫേണ്‍ അടുത്ത അഞ്ചു റണ്‍സ് കൂടി ഇന്ത്യയ്ക്ക് അനുകൂലമായി അനുവദിച്ചത്. അവസാന പന്തിലെ സിംഗിളും പാക്കിസ്ഥാന് നിഷേധിക്കുകയും ചെയ്തു.

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ ട്വന്റി20യില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കുറിച്ചതെങ്കിലും, ഇന്ത്യ വിജയലക്ഷ്യം അനായാസം മറികടന്നു. ബാറ്റു ചെയ്യാനിറങ്ങുമ്പോള്‍ തന്നെ സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് ഉണ്ടായിരുന്ന ഇന്ത്യ, സൂപ്പര്‍താരം മിതാലി രാജിന്റെ അര്‍ധസെഞ്ചുറിക്കരുത്തില്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. മിതാലി 47 പന്തില്‍ ഏഴു ബൗണ്ടറികളോടെ 56 റണ്‍സെടുത്തു. പാക്കിസ്ഥാനായി ബിസ്മ മറൂഫ് (53), നിദ ദാര്‍ (52) എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറികള്‍ പാഴാവുകയും ചെയ്തു.

അതേസമയം, അംപയര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഒരേ തെറ്റ് ആവര്‍ത്തിച്ചത് തന്റെ ടീമിന്റെ ഭാഗത്തുനിന്നു സംഭവിച്ച വലിയ പിഴവാണെന്ന് പാക്ക് ക്യാപ്റ്റന്‍ ജാവേരിയ ഖാന്‍ സമ്മതിച്ചു. ‘അംപയര്‍മാരുമായി ഞാന്‍ സംസാരിച്ചിരുന്നു. മുന്നറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ മൂന്നു തവണ അതേ തെറ്റ് ആവര്‍ത്തിച്ചതായും അതിനാണ് പിഴ വിധിച്ചതെന്നും അവര്‍ പറഞ്ഞു. പ്രഫഷണലിസത്തിന്റെ കുറവുകൊണ്ടാണ് പിഴവ് വരുത്തിയത്. ഇതു സംഭവിക്കുന്നത് ആദ്യമല്ല. മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തിലും ഞങ്ങള്‍ക്ക് ഇതേ പിഴവു സംഭവിച്ചിരുന്നു’ജാവേരിയ ഖാന്‍ വ്യക്തമാക്കി. എന്തായാലും സെവാഗിന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലാവുകയാണ്.

Related posts