ന്യൂഡൽഹി: ഇന്നലെ ഇന്ത്യയിൽ പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തെയും ആറു പതിറ്റാണ്ടുകാലത്തെ ഇന്ത്യൻ രാഷ്ട്രീയ അനുഭവങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹാർപ്പർകോളിൻസ് ഇന്ത്യയാണ് 544 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ. ഇതിലെ ചില പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും മറ്റും രംഗത്തെത്തിയിട്ടുണ്ട്.
മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺന്റെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ള ചില വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്. 2000ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് സോണിയ പുസ്തകത്തിൽ വിമർശിക്കുന്നത്.
തന്റെ ആദ്യ കുഞ്ഞിന്റെ ഓർമ്മയും സോണിയ ഗാന്ധി പുസ്തകത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 1969ൽ ജനിച്ച തന്റെ ആദ്യ കുഞ്ഞ് ഒരു ദിവസത്തിന് ശേഷം മരിച്ചുവെന്നും മെഹ്റോളിയിലെ ഫാം ഹൗസിലാണ് സംസ്കരിച്ചതെന്നും അവർ വേദനയോടെ ഓർക്കുന്നു.
കൂടാതെ നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും താനോ രാഹുൽ ഗാന്ധിയോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അവർ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മരുമകൻ റോബർട്ട് വദ്രയെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും പുസ്തകത്തിലുണ്ട്.
സിഖ് കലാപ സമയത്ത് സൈന്യത്തെ വിന്യസിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് സോണിയ
ന്യൂഡൽഹി:1984-ലെ സിഖ് വിരുദ്ധ കലാപത്തിന് ഇരയായവർക്ക് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർഹമായ നീതി ലഭിച്ചില്ലെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ പുതിയ ഓർമക്കുറിപ്പായ ‘ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്’ ലാണ് ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന ക്രൂരമായ ആക്രമണങ്ങളെക്കുറിച്ചും, സൈന്യത്തെ വിന്യസിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ചും സോണിയ വെളിപ്പെടുത്തുന്നത്.
ഇന്ദിര കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഗാന്ധി കുടുംബത്തിലെ എല്ലാവരെയും ഒന്നടങ്കം ബോംബ് വെച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും സോണിയ പുസ്തകത്തിൽ പറയുന്നു.നാല് കമ്മീഷനുകളും ഒൻപത് കമ്മിറ്റികളും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളും അന്വേഷിച്ചിട്ടും ഇരകൾക്ക് നീതി അകലെയായിരുന്നു. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരിൽ കോൺഗ്രസ് പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ഉണ്ടായിരുന്നു. ഡൽഹിയിൽ മാത്രം 2000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.
ഇന്ദിര കൊല്ലപ്പെട്ട ഉടൻ തന്നെ സൈന്യത്തെ വിന്യസിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും, ബ്ലൂസ്റ്റാർ ഓപ്പറേഷനു ശേഷമുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് തൊട്ടടുത്തുള്ള യൂണിറ്റുകളിൽ സിഖ് സൈനികർ ഉള്ളതിനാൽ സൈനിക മേധാവി ജനറൽ എ.എസ്. വൈദ്യ സൈനിക വിന്യാസം വൈകിപ്പിച്ചു. തുടർന്ന് ഡെറാഡൂണിൽ നിന്നാണ് സൈന്യത്തെ ഡൽഹിയിലെത്തിച്ചത്.
1984 ഒക്ടോബർ 24-ലെ ദീപാവലി ആഘോഷത്തിനിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയ മുറിക്ക് തൊട്ടടുത്ത് ഗ്രനേഡുകൾ ഒളിപ്പിച്ചിരുന്നു. അവസാന നിമിഷമാണ് ഈ വധശ്രമം ഉപേക്ഷിച്ചത്. ഒക്ടോബർ 30-ന് രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു കാർ വന്നിടിച്ചതും മുന്നറിയിപ്പായിരുന്നു.
ഇന്ദിര കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാൻ രാജീവിനോട് ആവശ്യപ്പെട്ടപ്പോൾ സോണിയ അതിനെ ശക്തമായി എതിർത്തിരുന്നു. രാജീവും കൊല്ലപ്പെടുമെന്ന് സോണിയ ഭയന്നു. എന്നാൽ “അവർ എന്നെ എങ്ങനെയെങ്കിലും കൊല്ലും” എന്നായിരുന്നു രാജീവിന്റെ മറുപടി.
മരണശേഷം തന്റെ മൃതദേഹം ഹിമാലയത്തിലെ മഞ്ഞു മലയിടുക്കുകളിൽ ഉപേക്ഷിക്കണമെന്നും വിലാപ ചടങ്ങുകൾക്ക് പകരം ക്ലാസിക്കൽ സംഗീതം കേൾപ്പിക്കണമെന്നും ഇന്ദിര 1984 ജൂണിൽ എഴുതിവെച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടപ്പാക്കാൻ രാജീവിന് സാധിച്ചില്ല.
