ഡിപ്രഷന്‍ ദുര്‍ബലമാകും, മഴയുടെ ശക്തി കുറയും, മഴ മധ്യകേരളത്തിലേക്ക്

ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇന്നലെ ഭുവനേശ്വരില്‍ എത്തിയ ഡിപ്രഷന്‍ തെക്കന്‍ ചത്തീസ്ഗഡിനും ഒഡീഷ ക്കും ഇടയിലാണ്. റായ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ തെക്കു കിഴക്കും നാഗ്പൂരില്‍ നിന്ന് 300 സാ അകലെയുമാണ്. അടുത്ത 12 മണിക്കൂറില്‍ സിസ്റ്റം ദുര്‍ബലപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ലു. എം. എല്‍) ആയി മാറുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുകയും കേരളത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ അടുത്ത 6 മണിക്കൂറില്‍ മഴ മധ്യകേരളത്തിലേക്ക് നീങ്ങുകയാണെന്ന് കേരള വെതര്‍ അപ്‌ഡേറ്റ് സ് കണക്കുകൂട്ടുന്നു. റഡാര്‍ ചിത്രങ്ങള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി .ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലേക്ക് കനത്ത മഴക്ക് കാരണമാകുന്ന മേഘങ്ങള്‍ അറബിക്കടലില്‍ നിന്ന് നീങ്ങുന്നുണ്ട്. ഉച്ചയോടെ മഴ ശക്തിയാകും എന്നാണ് അനുമാനം.

അതേ സമയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴക്ക് അടുത്ത മണിക്കൂറുകളില്‍ അല്‍പം ഇടവേള ലഭിക്കും. മധ്യ കേരളത്തിലെ കിഴക്കന്‍ ജില്ലകളുടെ മലയോര പ്രദേശത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തിയുള്ള പെട്ടെന്നുള്ള കാറ്റിനും അടുത്ത 3 മണിക്കൂറില്‍ സാധ്യതയുണ്ട്. കടല്‍ അതിപ്രക്ഷുബ്ധമാകുന്നതിനാല്‍ ആരും കടലില്‍ ഇറങ്ങരുത്. കേരള വെതര്‍ അപ്‌ഡേറ്റിന്റെ ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് ഓഗസ്റ്റ് 19നകം മഴയുടെ ശക്തി കേരളത്തില്‍ കുറയും. 18 ന് പുതിയ ന്യൂന മര്‍ദ്ദത്തിനു സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ 19 നു ശേഷവും മഴ തുടരും.

Related posts