തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ച് സര്‍ക്കാര്‍. ധവളപത്രത്തെചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ സഭയില്‍ നേര്‍ക്കുനേര്‍ വാക്പോര് നടന്നു.കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രമെന്നും കെട്ടിപ്പൊക്കിയതെല്ലാം മിഥ്യകളായിരുന്നുവെന്ന് ധവളപത്രത്തിലൂടെ എംഎല്‍എമാര്‍ക്കും ജനങ്ങള്‍ക്കും ബോധ്യമാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ധവളപത്രത്തില്‍ വിയോജിപ്പ് അറിയിച്ച് മുന്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ വിമര്‍ശിച്ചു. ധവളപത്രം മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പായിരുന്നു ബാലഗോപാലിന്റെ വിമര്‍ശനം. ധവളപത്രം തയാറാക്കിയത് ക്രമവിരുദ്ധമാണെന്നാണ് ബാലഗോപാലിന്റെ ആരോപണം. ധനവകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു മുന്‍കാലങ്ങളില്‍ ധവളപത്രം തയാറാക്കിയിരുന്നത്.
എന്നാല്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബാലഗോപാല്‍ പറഞ്ഞു. എജിക്ക് പോലും നല്‍കാത്ത കണക്കാണ് പുറത്ത് നല്‍കിയത്. രഹസ്യമായി കൈകാര്യം ചെയ്യേണ്ട രേഖകള്‍ പുറത്ത് കൊടുത്തു. ധനവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിസഭ യോഗത്തിന്റെ അനുമതിയോടെയാണ് ധവളപത്രം തയാറാക്കിയതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് മറുപടി പറഞ്ഞു. ധനവകുപ്പിലെ ഉദ്യോഗസ്ഥരാണ് ധവളപത്രം തയാറാക്കിയത്. വിദഗ്ധര്‍ ഇക്കാര്യത്തില്‍ വേണ്ട സഹായം നല്‍കുകയാണ് ചെയ്തത്. പ്രഗല്ഭരായ വ്യക്തികളുടെ സഹായം തേടുകയായിരുന്നു . രാജ്യത്തെ പ്രഗല്ഭരായ വ്യക്തികളുടെ ഉപദേശവും അഭിപ്രായവും പരിഗണിച്ച് ധനവകുപ്പാണ് ധവളപത്രം തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കാനാണ് ധവളപത്രം. ഇതുവരെ തയാറാക്കിയിട്ടുള്ളതെല്ലാം പൊളിറ്റിക്കല്‍ ധവളപത്രങ്ങളായിരുന്നു എന്നാല്‍ ഇത് അങ്ങനെയല്ലെന്നും കേരളത്തിന്റെ നിലവിലെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന കണക്കുകളാണ് ധവളപത്രത്തിലൂടെ പുറത്ത് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
