തൃശൂർ: മണ്ണുത്തിയിൽ ഭർതൃ പിതാവ് പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ മരുമകളും മരിച്ചു. ഇതോടെ നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ മരണം നാലായി. കുടുംബവഴക്കിനെ തുടര്‍ന്ന് മണ്ണുത്തി ചിറക്കാക്കോട് കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകന്റെ ഭാര്യ ലിജി (35) ആണ് ഇന്നലെ വൈകീട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടൻ വീട്ടിൽ ജോണ്സണ് ആണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് പുലർച്ചെ മൂന്ന് മണിയോടെ മകന് ജോജി, ഭാര്യ ലിജി,12കാരനായ പേരക്കുട്ടി ടെൻഡുല്‍ക്കര്‍ എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
കുടുംബം ഉറങ്ങിക്കിടന്ന സമയത്ത് ജോണ്സണ് ഇവരുടെ മുറി പുറത്ത് നിന്നും പൂട്ടി ജനല്‍ വഴി പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോജി, മകന് ടെണ്ഡുല്ക്കര് എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സംഭവദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
തീ കൊളുത്തിയതിനു ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോൺസണെ വീടിന്റെ ടെറസിന് മുകളിൽ നിന്നും അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 21ന് ജോൺസണും മരണത്തിന് കീഴടങ്ങി.
മകനുമായുള്ള തർക്കത്തിലുള്ള വൈരാഗ്യമാണ് ഈ കൊടും ക്രൂരതക്ക് കാരണമായത്. ഒരു തരത്തിലും രക്ഷപ്പെടരുതെന്ന മുൻ കരുതലോടെയായിരുന്നു തീയിടൽ. വീട്ടുകിണറ്റിലെ മോട്ടോര്‍ കേടാക്കിയ ശേഷമാണ് ഈ ക്രൂര കൃത്യം ചെയ്ത്. ഒടുവില്‍ സമീപത്തെ വീട്ടിലെ പെെപ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. തീപിടുത്തത്തില്‍ മുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു.