സഹപ്രവര്‍ത്തകരായ 43പേരില്‍ നിന്ന് തനിക്ക് ഉപദ്രവം നേരിട്ടെന്ന് വനിതാ എഞ്ചിനിയറുടെ പരാതി ! യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരായ 43 പേര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി വനിതാ എഞ്ചിനിയറുടെ പരാതി. നോയിഡയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഗാസിയാബാദ് സ്വദേശിനിയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നോയിഡ സെക്ടര്‍ 58 പോലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ നോയിഡയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തുവരുന്ന യുവതിയാണ് പരാതിക്കാരി.

ചിലര്‍ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍, മറ്റുചിലര്‍ കൂടെകിടക്കാന്‍ ക്ഷണിച്ചെന്നും, ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇതിനുപുറമേ തനിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അശ്ലീലപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ 21 സഹപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബാക്കി 22 പേരുടെ വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്നും പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരുടെ ഉപദ്രവത്തെക്കുറിച്ച് വനിതാ കമ്മീഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം. അതേസമയം, വനിതാ എന്‍ജിനീയറുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, വസ്തുതകള്‍ പരിശോധിച്ച് വരികയാണെന്നും നോയിഡ പോലീസ് അറിയിച്ചു. സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്നും ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related posts