അന്യസംസ്ഥാനങ്ങളില്‍ പോയ ഒരു തൊഴിലാളി പോലും കാല്‍നടയായി യുപിയിലേക്ക് മടങ്ങരുത് ! കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

തൊഴിലെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ പോയ യുപിക്കാര്‍ ആരും കാല്‍നടയായി സംസ്ഥാനത്തേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഡല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം.

അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

കാല്‍നടയായി ഒരു കുടിയേറ്റ തൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു.

ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടം ബസുകള്‍ ക്രമീകരിക്കുന്നുണ്ട്.

ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യുപിയിലെ തങ്ങളുടെ വീടുകളിലേക്ക് ആയിരകണക്കിന് തൊഴിലാളികളാണ് കാല്‍നടയായി വന്നുക്കൊണ്ടിരിക്കുന്നത്.

ഇവരെയെല്ലാം തടഞ്ഞ് വാഹനങ്ങളിലെത്തിക്കാനാണ് യുപി സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാനാണ് പോലീസിന്റെ തീരുമാനം. നിലവില്‍ കോവിഡ് പോരാട്ടത്തില്‍ മികവു പുലര്‍ത്തിയ സംസ്ഥാനങ്ങളിലൊന്നാണ് യുപി.

Related posts

Leave a Comment