പോരായ്മകള് തിരിച്ചറിഞ്ഞ് കാലാനുസൃതമായ മാറ്റങ്ങള് വരുത്തുന്നതിന് എന്നും തയാറായിട്ടുള്ള കമ്പനിയാണ് ഹോണ്ട. ഇതു സാധൂകരിക്കുന്ന നിരവധി തെളിവുകള് നമുക്കു മുന്നിലുണ്ട്. ഇത്തരത്തില് അപാകതകള് പരിഹരിച്ച് ഹോണ്ടയില്നിന്നു പുതിയ ബ്രിയോ പുറത്തിറങ്ങി. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില് കടുത്ത മത്സരമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവില് കൂടുതല് സൗകര്യം ലഭ്യമാക്കുന്നതിന് കമ്പനികള് മത്സരിക്കുന്നു. 2010 അവസാനത്തോടെയാണ് ഈ സെഗ്മെന്റില് കൂടുതല് കാറുകള് പുറത്തിറങ്ങിത്തുടങ്ങിയത്. 2011ല് പ്രീമിയം ഹാച്ച്ബാക്കായി ഹോണ്ട ബ്രിയോ അവതരിപ്പിച്ചു. സാമാന്യം നല്ല രീതിയിലുള്ള പ്രതികരണം ലഭിച്ചെങ്കിലും പലപ്പോഴായി മറ്റു കമ്പനികള് കൂടുതല് സൗകര്യം നല്കിയപ്പോള് ബ്രിയോ പിന്തള്ളപ്പെട്ടു. പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. വര്ഷങ്ങള്ക്കു ശേഷം ചെറുത്തുനില്പ്പിനുള്ള കരുത്തുമായി ബ്രിയോ വീണ്ടുമെത്തി. പുതുതായി നിരത്തിലെത്തിയ ബ്രിയോയുടെ വിശേഷങ്ങളിലേക്ക്:
ഹ്യുണ്ടായി ഗ്രാന്ഡ് എ10, മാരുതി സ്വിഫ്റ്റ്, ഫോര്ഡ് ഫിഗോ എന്നിവരായിരുന്നു ബ്രിയോയുടെ എതിരാളികള്. ആദ്യം പുറത്തിറങ്ങിയ ബ്രിയോ സൗന്ദര്യത്തില് ഇവരോടൊപ്പം പിടിച്ചുനില്ക്കാന് കെല്പ്പുള്ളതായിരുന്നില്ല. എന്നാല്, എതിരാളികള് പലപ്പോഴായി മുഖംമിനുക്കിയുണ്ടാക്കിയ സൗന്ദര്യം ഒറ്റത്തവണകൊണ്ട് സ്വന്തമാക്കിയാണ് ബ്രിയോയുടെ വരവ്. മുന്നില് വരുത്തിയിരിക്കുന്ന മാറ്റം മാത്രം മതിയാവും ഇതു സാധൂകരിക്കാന്. ഹോണ്ടയുടെ തനതായ ഡിസൈനിംഗ് വെളിവാക്കുന്നതാണ് മുന്വശത്തെ ഗ്രില്ല്. വലിയ ബമ്പറില് പുറത്തേക്കു തള്ളി നില്ക്കുന്ന തിളക്കമാര്ന്ന സിംഗിള് സ്ലാറ്റ് ഗ്രില്ലും അതിനു സമാന്തരമായി സില്വര് ക്യാരക്ടര് ലൈനും താഴെയായി ഹണി കോമ്പ് ഷേപ്പില് തീര്ത്ത എയര് ടാമുകളുമാണ് പുതുമ. ഹെഡ്ലാമ്പില് കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അല്പംകൂടി മുന്നിലേക്ക് സ്ഥാനചലനം നല്കിയിട്ടുണ്ട്. ബമ്പറില് പ്രത്യേക പോര്ഷനില്തന്നെ വളരെ സുരക്ഷിതമായാണ് ഫോഗ് ലാമ്പ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ചുരുക്കത്തില് വാഹനപ്രേമികളെ ആകര്ഷിക്കാനുള്ള സൗന്ദര്യചാരുത വാഹനത്തിനു മുന്നില്ത്തന്നെയുണ്ട്.
പുതിയ രൂപത്തിനൊപ്പം ടേണ് ഇന്ഡിക്കേറ്ററുകളും നല്കിയിരിക്കുന്ന റിയര്വ്യു മിററാണ് വശങ്ങളിലെ പുതുമ. പിന്നില് കാര്യമായ മാറ്റം നല്കിയിട്ടില്ലെങ്കിലും ബ്രേക്ക്ലൈറ്റോടു കൂടിയ സ്പോയിലര് നല്കിയിരിക്കുന്നത് മാത്രമാണ് എടുത്തു പറയാനുള്ളത്.
പഴയ ബ്രിയോയില് പോരായ്മയായി കരുതിയിരുന്നത് പിന്നിലെ വലിയ ഗ്ലാസാണ്. കരുത്തേറിയ ഗ്ലാസ് നല്കിയിട്ടുണ്ടെങ്കിലും പുതിയ ബ്രിയോയിലും ആ ന്യൂനത എടുത്തുനില്ക്കുന്നുണ്ട്. ഇതുതന്നെയാണ് ബ്രിയോയുടെ സൗന്ദര്യമെന്നും വേണമെങ്കില് പറയാം.
ഇന്റീരിയര്: ഹോണ്ടയില്നിന്ന് അടുത്തിടെ രൂപം മാറിയിറങ്ങിയ എല്ലാ കാറുകളുടെയും ഇന്റീരിയറിനു സമാനസ്വഭാവം നല്കാന് കമ്പനി ശ്രമിച്ചിട്ടുണ്ട്. പഴയ ബ്രിയോയുടെ ഏറ്റവും വലിയ പോരായ്മയായി പറഞ്ഞിരുന്നത് ഇന്റീരിയറും ഡാഷ്ബോര്ഡുമാണ്. എന്നാല്, പുതിയ ബ്രിയോയില് മാറ്റമുണ്ട്. വളരെ സോഫ്റ്റ് പ്ലാസ്റ്റിക്കില് നിര്മിച്ച ബ്ലാക്ക് ഡാഷ് ബോര്ഡാണ് പുതിയ ബ്രിയോയ്ക്ക് നല്കിയിരിക്കുന്നത്. മുമ്പ് വൃത്താകൃതിയില് വന്നിരുന്ന എസി വെന്റുകള്ക്കുമുണ്ടു മാറ്റം, ചതുരാകൃതിയില് വളരെ വലിയ വെന്റുകള്. സെന്റര് കണ്സോളില് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഹാന്ഡ്സ് ഫ്രീ ടെലിഫോണ് സൗകര്യത്തിനൊപ്പം യുഎസ്ബി, എഫ്എം, ബ്ലൂടൂത്ത്, ഓക്സിലറി എന്നിവ നല്കിയിരിക്കുന്ന അഡ്വാന്സ്ഡ് മ്യൂസിക് സിസ്റ്റവും നല്കിയിരിക്കുന്നു. അനലോഗ് രീതിയില്നിന്നു മാറി ഡിജിറ്റല് എസി കണ്ട്രോള് പാനല് നല്കിയിരിക്കുന്നത് സെന്റര് കണ്സോളിന് കൂടുതല് ഭംഗി നല്കുന്നു.
175 ലിറ്റര് ബൂട്ട് സ്പേസിനൊപ്പം വളരെ വിശാലമായ സീറ്റിംഗും ഒരുക്കിയിട്ടുള്ള ബ്രിയോയ്ക്ക് 3610 എംഎം നീളവും 1680എംഎം വീതിയും 1500 എംഎം ഉയരവുമാണുള്ളത്. 15 ഇഞ്ച് അലോയിക്കൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറന്സും ബ്രിയോ നല്കുന്നു.
സുരക്ഷ: അനിവാര്യമായ സുരക്ഷാസംവിധാനങ്ങളും ബ്രിയോ നല്കുന്നുണ്ട്. ടോപ് എന്ഡ് മോഡലുകള്ക്ക് ഡുവല് എയര്ബാഗും, എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനവും, റിയര് ഡി ഫോഗര്, സീറ്റ് ബെല്റ്റ് റിമൈന്ഡര് തുടങ്ങിയവയും സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നു.
എന്ജിന്: 1.2 ഐ–വിടെക് എന്ജിനില് അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്, മാന്വല് ഗിയര് ബോക്സുകളില് ബ്രിയോ പുറത്തിറങ്ങുന്നുണ്ട്. 1198 സിസി നാല് സിലണ്ടര് എന്ജിന് 109 എന്എം ടോര്ക്കില് 88 പിഎസ് പവര് ഉത്പാദിപ്പിക്കുന്നു.
ഇന്ധനക്ഷമത: മാന്വല് ഗിയര് ബോക്സില് 18.5 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയറില് 16.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
വില: അഞ്ച് നിറങ്ങളില് അവതരിപ്പിക്കുന്ന ബ്രിയോയുടെ മാന്വല് മോഡലുകള്ക്ക് 5.50 ലക്ഷം മുതല് 7.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റികിന് 8.06, 8.11 ലക്ഷം രൂപയുമാണ് കോട്ടയത്തെ ഓണ്റോഡ് വില.
ടെസ്റ്റ്െ്രെഡവ്: വിഷന് ഹോണ്ട കോട്ടയം, 9847734444
അജിത് ടോം