ന്യൂഡൽഹി: തന്റെ പുതിയ ഓർമക്കുറിപ്പായ ‘ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്’ൽ ഷാബാനു കേസിന്റെ വിഷയത്തിൽ താൻ ഭർത്താവ് രാജീവ് ഗാന്ധിയോട് വിയോജിക്കുകയും തർക്കിക്കുകയും ചെയ്തിരുന്നുവെന്ന് സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തൽ. 1985-ലെ ചരിത്രപ്രസിദ്ധമായ ഷാ ബാനു കേസ് വിധിയും അതിനെ മറികടക്കാൻ അന്നത്തെ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന നിയമനിർമാണവും കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയായെന്നാണ് സോണിയാ ഗാന്ധിയുടെ വിലയുരുത്തൽ.
സുപ്രീംകോടതി ഒരു പാവപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകാൻ ഉത്തരവിട്ടപ്പോൾ അതിനെ മുസ്ലിം വ്യക്തിനിയമത്തിന്റെ പേരിൽ എതിർത്തതും തുടർന്ന് സർക്കാർ നിയമം ഭേദഗതി ചെയ്തതും തെറ്റായ സന്ദേശമാണ് നൽകിയതെന്ന് സോണിയ ചൂണ്ടിക്കാണിക്കുന്നു. പ്രായമായ ഷാ ബാനുവിന് ജീവനാംശം നൽകാനുള്ള സുപ്രീംകോടതി വിധി വളരെ ലളിതമായ ഒന്നായിരുന്നു. എന്നാൽ അവരുടെ ഭർത്താവ് ഇതിനെ വ്യക്തിനിയമങ്ങളുടെ പേരിൽ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് സോണിയ ഓർക്കുന്നു.
പാർട്ടിക്കുള്ളിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ സമ്മർദത്തിന് വഴങ്ങി സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താനുള്ള തീരുമാനത്തെ താൻ ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തിൽ താൻ രാജീവുമായി തർക്കിച്ചതായും സോണിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും ലിംഗനീതിക്കും വിരുദ്ധമായി മാറിയ ഈ നീക്കം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും പിന്നീട് വന്ന പല രാഷ്ട്രീയ തിരിച്ചടികൾക്കും കാരണമായെന്നും സോണിയ കൂട്ടിച്ചേർക്കുന്നു.
