500ന്റെ നോട്ട് നല്‍കിയ യാത്രക്കാരനോടു കെഎസ്ആര്‍ടിസി കണ്ടക്്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു

hundredകോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിനായി  500ന്റെ നോട്ട് നല്കിയ യാത്രക്കാരനോടു കണ്ടക്്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതു വാക്കേറ്റത്തിനിടയാക്കി.  കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍  നിന്നും കോട്ടയത്തേക്കുള്ള ബസില്‍ കയറിയ യാത്രക്കാരനാണ് തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതാത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടിവന്നത്.  ഈരാറ്റുപേട്ട കടുവാമൂഴിയില്‍ നിന്നും ബസില്‍ കയറിയ യാത്രക്കാരന്‍ കോട്ടയത്തിനു ടിക്കറ്റ്  ആവശ്യപ്പെട്ടശേഷം 500 രൂപ ടിക്കറ്റിനായി കൊടുത്തു. ഉടനെ കണ്ടക്്ടര്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

കാര്യം മനസിലാക്കാതെ യാത്രക്കാരന്‍ ചോദിച്ചു എന്നു മുതലാണു കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയയെന്ന്. തുടര്‍ന്നു ഇരുവരും തമ്മില്‍ പൊരിഞ്ഞ ഉടക്കും നടന്നു. 500ന്റെ നോട്ടിനു പകരം 100ന്റെയോ 50ന്റെയോ നോട്ടുകള്‍ നല്കണമെന്നായി കണ്ടക്്ടര്‍. എന്നാല്‍ തന്റെ കൈയില്‍ 500ന്റെ നോട്ട് മാത്രമേയുള്ളൂവെന്ന നിലപാടില്‍ യാത്രക്കാരന്‍ ഉറച്ചു നിന്നു. തുടര്‍ന്നു സഹയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടശേഷം യാത്രക്കാരന്റെ മേല്‍വിലാസവും ഫോണ്‍നമ്പരും വാങ്ങിച്ചെടുത്തശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കാന്‍ തയാറായത്.

രണ്ടു ദിവസങ്ങള്‍ക്കു മുമ്പു ഇതേ കണ്ടക്്ടറെ ആരോ കള്ളനോട്ടു നല്‍കി പറ്റിച്ചു. ഇതാണ് താന്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് കണ്ടക്ടറുടെ ഭാഷ്യം. സംഭവത്തിന്റെ യഥാര്‍ഥ്യം മനസിലായതോടെ ഇരുവരും കൈകൊടുത്തു പിരിഞ്ഞു.  കള്ള നോട്ടുകള്‍ വ്യാപകമായതോടെ കെഎസ്ആര്‍ടിസി ബസില്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകളുമായി കയറിയാല്‍ തീര്‍ച്ചയായും കൈയില്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.

Related posts