നാദാപുരം: ദുരൂഹമായ സാഹചര്യത്തില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുടവന്തേരി സ്വദേശി ചെമ്പേന്റവിട സമദ് എന്ന അബ്ദുള്‍ സമദ് (26)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തൂണേരിക്കടുത്ത ആവടിമുക്ക് മേഖലയില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ സമദിന്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ബോംബ് നിര്‍മാണത്തിനിടയിലോ മറ്റോ ആണ് സമദിന് പരിക്കേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. സമദിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും മുടവന്തേരി മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങിയവരെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി ഒന്നരയോടെ നാലുപേര്‍ അടങ്ങുന്ന സംഘമാണ് പരിക്കേറ്റ സമദിനെ തലശേരി ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
കല്ല് വീണ് പരിക്കേറ്റു എന്നാണ് ഇവര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ സംഭവമറിഞ്ഞ പോലീസ് യുവാവിനെ ചോദ്യംചെയ്യുകയും സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേസെടുക്കുകയും ചെയ്തതോടെ ഇക്കൂട്ടത്തിലുണ്ടായിരുന്ന യുവാക്കള്‍ മുങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനെ കുഴക്കുന്ന രീതിയിലാണ് മൊഴി നല്‍കിയതെന്നും കടവത്തൂരിലുണ്ടായ സ്ഫോടനത്തിലാണ് തനിക്ക് പരിക്കേറ്റതെന്ന് പറഞ്ഞ യുവാവ്് ചോദ്യം ചെയ്തപ്പോള്‍ കാട് വെട്ടി തെളിക്കുന്നതിനിടയില്‍ മെഷീനില്‍ തട്ടിയാണ് അപകടമുണ്ടായത് എന്ന് പിന്നീട് പറഞ്ഞതായും പോലീസ് പറഞ്ഞു.
തലശേരി ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മറ്റെവിടെ നിന്നോ പ്രാഥമിക ചികിത്സ നടത്തിയതായും വിവരമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് നാദാപുരം സിഐ കെ.എസ്. ഷാജി പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് തൂണേരി മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തി നാദാപുരം അഡീ എസ്ഐ കെ. പ്രഭാകരന്,ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പുഴയോരം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ആയുധങ്ങളോ,സ്ഫോടകവസ്തുക്കളോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.