കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് സ്കൂള്‍ സംരക്ഷണസമിതിയും നാട്ടുകാരും. കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെത്തിയാല്‍ എന്തു വിലകൊടുത്തും തടയാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു.
സ്കൂള്‍ പൂട്ടുന്നതിനു ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. അതിനാല്‍ ഇന്നു ഉച്ചയോടെ തന്നെ എഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തുമെന്നാണ് വിവരം. ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നു പ്രഖ്യാപിച്ച് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ക്കു തന്നെ സ്കൂള്‍ പരിസരത്തു നിലയുറപ്പിച്ചിട്ടുണ്ട്. കനത്ത പോലീസ് സന്നാഹവും സ്ഥലത്തു ഏര്‍പ്പെടുത്തിയിട്ടുണ്ട്.