തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെത്തുടർന്ന് ഒന്പതു മാസമായി അടഞ്ഞുകിടന്ന സ്കൂളുകൾ ഭാഗികമായി തുറന്നു.
കൂടു തുറന്നുവിട്ട പക്ഷികളുടെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തിയത്.
അതേസമയം, ഏറെക്കാലം കൂടി കണ്ടിട്ടും കോവിഡ് മാനദണ്ഡപ്രകാരം നിബന്ധനകളുള്ളതിനാൽ അടുത്തിടപഴകാൻ കഴിയാത്തതിന്റെ വിഷമവും പലരും പങ്കുവച്ചു. വീട്ടിലിരുന്നു മടുത്തെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.
ഷിഫ്റ്റ് അനുസരിച്ചാണ് പ്രവേശനം. പൊതുപരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇവർക്കായി സ്കൂളുകൾ തുറക്കുന്നത്.
ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു.
കുട്ടികൾ എത്തുന്നതിനു മുന്നോടിയായി സ്കൂളികളിൽ ശുചീകരണ പ്രവൃത്തികൾ നടന്നു. ശരീരോഷ്മാവ് പരിശോധിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്.
രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിയത്. 3118 ഹൈസ്ക്കൂളുകളിലും 2077 ഹയർ സെക്കണ്ടറി സ്കൂളുകളിലുമായി ഏഴു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പഠിക്കുന്നത്.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ എസ് സി ഇ ആർ ടി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ലഭിക്കുന്നത് ആയിരിക്കും.
