പരിയാരം: സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തി ദേശീയപാതയോരത്ത് പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. തളിപ്പറമ്പ് ചിറവക്ക് മുതല്‍ പരിയാരം കോരന്‍പീടിക വരെ ദേശീയപാതയിലുള്ള എട്ടോളം കൊടുംവളവുകളില്‍ നിരവധി അപകടങ്ങളും അതില്‍പെട്ട് എണ്ണമറ്റ മനുഷ്യ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്.
ഇപ്പോഴും നിത്യമെന്നോണം അപകടങ്ങള്‍ ഇവിടെ പതിവാണ്. ദേശീയപാതയോരത്ത് പടുകൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനാല്‍ ഇവ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കൂറ്റന്‍ ബോര്‍ഡുകളുടെ ഭീഷണി നിലനില്‍ക്കുകയാണ.് ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ പോലും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാറ്റില്‍ ബോര്‍ഡുകള്‍ താഴേക്ക് പതിക്കുന്നത് അപൂര്‍വമല്ല.
പലപ്പോഴും ഇത് യാത്രക്കാരുടെ മരണത്തിന് കാരണമാകാത്തത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ ഒട്ടേറെ ടാങ്കര്‍ ലോറികളാണ് ഇവിടെ അപകടത്തില്‍ പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് കൊടുംവളവുകളിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളെങ്കിലും നീക്കം ചെയ്ത് സുപ്രീംകോടതി വിധിയുടെ അന്തസ് കാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യം.