പയ്യന്നൂര്‍: മുൻ സിപിഎം നേതാവും വി. കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ അനുകൂലിയുമായ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ ചെമ്മീന്‍ ഫാമിലെ ഷെഡിന് തീയിട്ടു. പൈപ്പുകളും ട്രേകളും ചെമ്മീനുളള തീറ്റയും മോട്ടോറുകളുമുള്‍പ്പെടെ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു രാവിലെ ചെമ്മീനിന് തീറ്റ നൽകാൻ പോയവരാണ് ചങ്കൂരിച്ചാല്‍ റെയില്‍പാലത്തിന് സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡ് കത്തുന്നത് കണ്ട് പുരുഷോത്തമനെ വിവരമറിയിച്ചത്.
ഇന്നലെ വൈകുന്നേരം ചെമ്മീനിന് തീറ്റയിട്ടതിനു ശേഷം ഇന്നുരാവിലെ ആറോടെയാണ് തീറ്റയിടാനായി എത്തിയത്. രാത്രിയില്‍ ഷെഡില്‍ ആളുണ്ടായിരുന്നില്ല. വാതിലും ജനലുകളും തെറിച്ചുപോയതിനാല്‍ സ്ഫോടനമുണ്ടാക്കിയാണ് ഷെഡ് തകര്‍ത്തതെന്നു സംശയിക്കുന്നതായി ടി. പുരുഷോത്തമൻ മാധ്യമങ്ങളോട് പറഞ്ഞു.
10 ചാക്ക് തീറ്റയും പൈപ്പുകളും നാല്പതോളം ട്രേകളും വലകളും മോട്ടോറും മറ്റും ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി ഇട്ടിരുന്ന കട്ടിലും അഗ്നിക്കിരയായി. രണ്ടുവര്‍ഷമായി ആരോഗ്യപ്രശ്നങ്ങളാല്‍ പുരുഷോത്തമൻ ചെമ്മീൻ കൃഷി നടത്തിയിരുന്നില്ല. ഇപ്രാവശ്യം ഫിഷറീസ് കോളജ് സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പുരുഷോത്തമന്റെ വീടിനു മുന്നിലെ കാര്‍ അടിച്ചുതകര്‍ത്ത് തീയിടുകയും വീടിന്റെ ജനലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഈ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനായ പുരുഷോത്തമനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം പുരുഷോത്തമനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചാരണവുമുണ്ടായി.
മത്സ്യകൃഷിക്കായി നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവൻ അവാര്‍ഡ് ജേതാവാണ് പുരുഷോത്തമൻ. സര്‍ക്കാരിന്റെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അക്വാകള്‍ച്ചറല്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്മാന്, കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, ജലകര്‍ഷകന്‍ മാസിക എഡിറ്റര്‍ എന്നീ നിലകളിൽ പുരുഷോത്തമൻ പ്രവർത്തിക്കുന്നുണ്ട്.
മുൻ എംഎൽഎയുടെ നിർദേശമില്ലാതെ ആരും ചെയ്യില്ല: ടി. പുരുഷോത്തമൻ
സംഭവത്തെക്കുറിച്ച് ടി. പുരുഷോത്തമൻ മാധ്യമങ്ങളോട് പറഞ്ഞത്: “കുറച്ചുദിവസമായി പരാജയത്താല്‍ സ്വബോധം നഷ്ടപ്പെട്ട മുന്‍ എംഎല്‍എയും കൂട്ടരും തനിക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു.തനിക്കെതിരെ വളരെ മോശമായ രീതിയിലും കഴിഞ്ഞദിവസം മാധ്യമങ്ങളോടും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയകളില്‍ തനിക്കെതിരെ ഇവര്‍ വലിയ ദുഷ്പ്രചരണമാണ് നടത്തിവന്നത്. ഇതേ തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
അധികാരം നഷ്ടപ്പെട്ടതിന്റെ വികാര വിക്ഷോഭത്താല്‍ കുറച്ചുദിവസം മുമ്പ് മുന്‍ എംഎല്‍എ ഭീഷണിയും മുഴക്കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ ആരും ഇത് ചെയ്യില്ല.തന്റെ ജീവിതോപാധിയാണ് തകര്‍ത്തതെന്നും ഇതിലും ഭേദം തന്നെ കത്തിക്കുന്നതായിരുന്നുവെന്നും പുരുഷോത്തമന് പറഞ്ഞു.
