കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന് ദിലീപിന്റെ അഭിഭാഷന് ബി. രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല.
കഴിഞ്ഞ 14 നാണ് നോട്ടീസ് നല്‍കിയത്. 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.
എന്നാല്‍, അഭിഭാഷകനായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് രാമന്‍പിള്ള അറിയിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസര്‍ മുഖേന അഭിഭാഷകന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ജിന്‍സണും നാസറും ഇതുസംബന്ധിച്ച് സംസാരിക്കുന്ന ശബ്ദസംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പി നോട്ടീസ് നല്‍കിയത്.
കേസില്‍ പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ഇന്ത്യന്‍ തെളിവു നിയമത്തിന്റെ ലംഘനമാണെന്നു രാമൻപിള്ള പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് കേസുകള്‍ കെട്ടിച്ചമച്ചെന്നാരോപിച്ച് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകനായ തന്റെ മൊഴി എടുക്കുന്നത് അഡ്വക്കേറ്റ്സ് ആക്ട് പ്രകാരവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.