കോതമംഗലം: മാമലക്കണ്ടത്ത് സ്വകാര്യ മൊബൈല്‍ ടവര്‍ നിശ്ചലം. ആയിരത്തിലേറെ ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍. അരലക്ഷത്തോളം രൂപ വൈദ്യുതി ചാര്‍ജ് കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതാണ് ടവറിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. കഴിഞ്ഞ നാലിനാണ് വൈദ്യുതി വിച്ഛേദിച്ചത്. സ്‌റ്റോറേജ് സെല്ലിന്റെ സഹായം വഴി രണ്ടു ദിവസം കൂടി ടവര്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് പൂര്‍ണമായും നിലച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനോ ജനറേറ്റര്‍ ഉപയോഗിച്ച് ടവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ സ്വകാര്യ കമ്പനി തയാറായിട്ടില്ല. മറ്റൊരു സ്വകാര്യ മൊബൈല്‍ കമ്പനിയും മാമലക്കണ്ടത്ത് സര്‍വീസ് നല്‍കി വരുന്നുണ്ട്. ഉപഭോക്താക്കള്‍ അതിലേക്ക് മൊബൈല്‍ കണക്ഷന്‍ മാറ്റാനുള്ള നീക്കത്തിലാണ്.
ബിഎസ്എന്‍ എല്‍ മാമലക്കണ്ടത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനായി നാലു വര്‍ഷം മുമ്പ് സാമഗ്രികള്‍ ഇറക്കിയിട്ടിരുന്നു. നാളിതു വരെയായിട്ടും ടവര്‍ സ്ഥാപിക്കാത്തതും മാമലക്കണ്ടത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് നല്‍കാത്തതും സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.