വടകര: കനറാബാങ്കിന്റെ വടകര നാരായണ നഗര്‍ എന്‍ആര്‍ഇ ശാഖയില്‍ അക്കൗണ്ടുള്ള കോട്ടക്കല്‍ സ്വദേശി ഷരീഫിനു നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്നു പറഞ്ഞു ബാങ്കു മാനേജര്‍ വഞ്ചിച്ചതായി പരാതി. 1,00,274 രൂപയാണ് നഷ്ടമായത്. ഈ കഴിഞ്ഞ 4ാം തിയതി ഒറ്റ ദിവസം കൊണ്ട് 12 തവണകളായാണ് പണം തട്ടിയെടുത്തത്ത്. പണം പിന്‍വലിച്ചെന്ന സന്ദേശം മൊബൈല്‍ ഫോണിലേക്ക് വന്നതായി ഷെരീഫിന്റെ മകന്‍ മുഹമ്മദ് അര്‍ഷിന്‍ പറഞ്ഞു. ഷെരീഫിന്റെ ഭാര്യ റാഹിലയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പേടിഎം സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങുകയായിരുന്നുവെന്നാണ് മനസിലാകുന്നത്. റാഹിലയുടെ പരാതിയെ തുടര്‍ന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്ത ബാങ്ക് അധികൃതര്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ നിലപാട് മാറ്റിയെന്നും നഷ്ടപ്പെട്ട പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാങ്കില്‍ നിന്നും മാനേജര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അഫ്ഡവിറ്റി നല്‍കി അതില്‍ ഒപ്പിടുകയും പോലീസില്‍ നിന്നുള്ള എഫ്‌ഐആര്‍ കോപ്പി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ ബാങ്ക് ഇന്‍ഷുറന്‍സ് തുകയായി നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ 26ന് പണത്തെ കുറിച്ച് അറിയുവാന്‍ ബാങ്ക് അധികൃതരെ സമീപിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടത് അക്കൗണ്ട് ഉടമയുടെ അറിവോടെയാണെന്ന കത്താണ് നല്‍കിയതെന്ന് ഷരീഫിന്റെ മകന്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടത് ഉത്തര്‍പ്രദേശ്-ന്യൂഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയില്‍ നിന്നാണെന്നും അത് അക്കൗണ്ട് ഉടമയുടെ പരിചയക്കാര്‍ വഴി നടത്തിയ ഇടപാടാണെന്നുമാണ് ഇപ്പോള്‍ ബാങ്ക് അധികൃതരുടെ വാദം.
കഴിഞ്ഞ മാസം 17ന് ഇതേ രീതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി വിനീതിന് പണം നഷ്ടപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ വിനീതിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 49,213 രൂപയാണ് 11 തവണകളായി തട്ടിയെടുത്തത്. വടകരയിലെ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്ക് പങ്കുള്ളതായി സംശയിക്കേണ്ടതുണ്ടെന്നും തിരിച്ച് നല്‍കാമെന്ന് പറഞ്ഞ തുക തരാതെ തങ്ങളെ വഞ്ചിക്കുകയാണെന്നും ഷരീഫിന്റെ മകന്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം