ഷാജഹാൻപുർ: ഗ്യാസ് ചോർന്നു തീപിടിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തിക്കിലുംതിരക്കിലും ഒരാൾക്കു ദാരുണാന്ത്യം. നിരവധിപ്പേർക്കു പരിക്കേറ്റു.
ഷാജഹാൻപുരിലെ പണ്ഡിറ്റ് രാംപ്രസാദ് ബിസ്മിൽ മെഡിക്കൽ കോളജിൽ ഇന്നലെ വൈകുന്നേരമാണു സംഭവം. അതേസമയം, തിക്കിലുംതിരക്കലും അകപ്പെട്ടല്ല ഒരാൾക്കു മരണം സംഭവിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
പരിഭ്രാന്തിയെത്തുടർന്നു രോഗികളെ ജീവനക്കാർ ഒഴിപ്പിച്ചു. തിക്കിലും തിരക്കിലും രോഗികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഓപ്പറേഷൻ തിയറ്ററിലെ വാതിൽ തുറന്നതോടെ ഫോർമാലിൻ ലായനിയുടെ ഗന്ധം പടർന്നത് ഗ്യാസ് ചോർച്ചയാണെന്നു തെറ്റിദ്ധരിച്ചതാകാം കാരണമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു.