കടൽ പ്രക്ഷുബ്ധമാണെന്നും ജാഗ്രത പാലിക്കണമെന്നും തത്സമയം പ്രേക്ഷകരോട് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനെയും ക്യാമറാവുമണിനെയും അടിച്ചുവീഴ്ത്തി കൂറ്റൻ തെരമാല. സ്പെയിനിലെ ബാസ്ക് കൺട്രിയിലുള്ള ഓൺഡാറോവ തീരത്ത് വെച്ച് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
‘ETB2’ ചാനലിന്റെ ‘Euskadi Qudate’ എന്ന പരിപാടിക്ക് വേണ്ടി പ്രക്ഷുബ്ധമായ കടലിന്റെ സ്ഥിതിവിവരങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തകനായ സെർജിയോ ഒവേജറോ. തീരത്തെ സംരക്ഷണമതിലിന് സമീപം നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ തിരമാല അടിച്ചുകയറിയത്. തിരമാലയുടെ ആഘാതത്തിൽ സെർജിയോയും ക്യാമറാവുമൺ റാക്വലും തറയിലേക്ക് വീഴുകയും തത്സമയ സംപ്രേക്ഷണം പെട്ടെന്ന് നിലയ്ക്കുകയും ചെയ്തു.
ലൈവ് ഫീഡ് പെട്ടെന്ന് നിലച്ചതോടെ സ്റ്റുഡിയോയിലുണ്ടായിരുന്ന അവതാരകൻ ഒഡെയ് എസ്നാഓളയും പ്രേക്ഷകരും വലിയ ആശങ്കയിലായി. എന്നാൽ, റിപ്പോർട്ടറും ക്യാമറാവുമണും ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി ചാനൽ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വത്തിൽ ആശ്വാസം പ്രകടിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങളും പ്രക്ഷുബ്ധമായ കടലും റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ കൂടുതൽ സുരക്ഷ പാലിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു.
