തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും ഗതാഗത മന്ത്രി വിളിച്ചിട്ടും ജീവനക്കാര്‍ ഫോണെടുത്തില്ല, ഡ്യൂട്ടിയില്‍ അലംഭാവം കാട്ടിയ ആറു ജീവനക്കാരെ സ്ഥലംമാറ്റി. ഇതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി.
സര്‍വീസുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കുന്നതിനുമായാണ് ചീഫ് ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
ആറ് കണ്ടക്ടര്‍മാരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി കണ്ട്രോള് റൂമിലേക്ക് വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ലെന്നുള്ള പരാതി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് മന്ത്രി നേരിട്ട് കണ്ട്രോള് റൂമിലേക്ക് വിളിച്ചിട്ടും ആരും ഫോണെടുത്തിരുന്നില്ല. ഇക്കാരണത്താല്‍ നേരത്തെ ഒന്‍പത് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
കണ്ട്രോള് റൂമിലേക്ക് വിളിക്കുമ്പോള്‍ ആരും ഫോണെടുക്കുന്നില്ലെന്ന് വീണ്ടും നിരവധി പേര് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് മന്ത്രി ഇന്നലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും വിളിക്കുകയായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതോടെയാണ് ആറ് ജീവനക്കാരെ കൂടി സ്ഥലം മാറ്റിയത്.
ശാരീരിക അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളുമുള്ള കണ്ടക്ടര്‍മാരെ ഇനി മുതല്‍ കണ്ട്രോള് റൂമിലേക്ക് നിയമിക്കാനാണ് ആലോചിക്കുന്നത്.