കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,438 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയായി.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു. രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ എന്ന പ്രതിരോധ നിരക്ക് ഭേദിച്ചാല്‍ കുതിപ്പ് 3,500 ഡോളര്‍ വരെയെങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍.
അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് വന്‍ വിലവര്‍ധന ഉണ്ടാകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
- സ്വന്തം ലേഖിക