തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ. ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.
കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്മാന് നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന് കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്.
എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.
കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

