വൈക്കം: വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെത്തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടുപോകുന്നതായി പരാതി. വൈക്കം നഗരസഭാ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെ ൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവുമായി രക്ഷിതാക്കളും രംഗത്തെത്തി.
യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡന്റെയും റസിഡന്റ് ട്യൂട്ടറുടെയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ തലയാഴം, ഉദയനാപുരം സ്വദേശികളായ ആറു കുട്ടികൾ ഹോസ്റ്റലിൽനിന്ന് പിരിഞ്ഞുപോയി.
നിസാര കാര്യങ്ങളുടെ പേരിൽ വാർഡനും റസിഡന്റ് ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഈ വിധത്തിൽ ജീവനക്കാർ പെരുമാറുന്ന പക്ഷം ഈ അധ്യയനവർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു.
ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികളിൽ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റിലിലേക്ക് തിരിച്ചുവരാൻ കുട്ടികൾക്ക് ഭയമാണ്. സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യാസമയത്ത് ഹോസ്റ്റലിൽനിന്ന് ജീവനക്കാർ ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ പെൺകുട്ടി രാത്രി നടന്ന് അവിടെയെത്തി.
നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയുംഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയാറാണെന്ന് രക്ഷിതാക്കൾ പറയുന്നു.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സിപി എം നഗരസഭാ കൗൺസിലറുമായ കവിതാ രാജേഷ് വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ഓൺലൈനായി പരാതി നൽകുകയും ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ട് പരാതിപ്പെടുകയുംചെയ്തു.
അതേസമയം കുട്ടികൾ ഫോൺ ഉപയോഗിച്ചതിനും പഠിക്കാതിരുന്നതിനുമാണ് ശകാരിച്ചതെന്നാണ് ഹോസ്റ്റൽവാർഡന്റെയും റസിഡന്റ് ട്യൂട്ടറുടെയും ഭാഷ്യം.

