പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കലെത്തി നില്ക്കവേ പത്തനംതിട്ടയില്‍ ജല അഥോറിറ്റിക്ക് വെള്ളക്കരം കുടിശിക ഇനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി രൂപ. കുടിശിക കൂടിയതിനേ തുടര്‍ന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെയും ജലഅഥോറിറ്റിയുടെയും ഉദ്യോഗസ്ഥരെ വിളിച്ചു ചര്‍ച്ച നടത്തിയിരുന്നു.
നിലവിലുണ്ടായിരുന്ന കുടിശികയില്‍ മൂന്നിലൊന്ന് തുക അടിയന്തരമായി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. കേസ് വീണ്ടും 26നു പരിഗണികനിരിക്കേ തുക അടയ്ക്കാനും തുടര്‍കാര്യങ്ങള്‍ നിരീക്ഷിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിക്കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ദേവസ്വം ബോര്‍ഡ് ആറു കോടി അടച്ചത്. പിന്നീടുള്ള കുടിശിക തുകയാണ് 17 കോടി രൂപ.
ജനറല്‍ ആശുപത്രിക്ക് 4.39 കോടി കുടിശിക
പത്തനംതിട്ട ജില്ലയിലെ ഇതര സ്ഥാപനങ്ങളില്‍ ജനറല്‍ ആശുപത്രി 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് 33 ലക്ഷം.
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് 56.08 ലക്ഷം, കോഴഞ്ചേരി 21.68 ലക്ഷം, ആറന്മുള 2.24 ലക്ഷം, റാന്നി 13.47 ലക്ഷം, മല്ലപ്പള്ളി 7.35 ലക്ഷം. ആറന്മുളയില് കഴിഞ്ഞയിടെ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ചിരുന്നുവെങ്കിലും കളക്ടറുടെ നിര്‍ദേശപ്രകാരം പുനഃസ്ഥാപിച്ചു.
അടൂര്‍ പോലീസ് സ്റ്റേഷന് 1.51 ലക്ഷം, എസ്പി ഓഫീസ് 2.64 ലക്ഷം, മുനിസിപ്പല്‍ കോംപ്ലക്സ് പത്തനംതിട്ട – 1.3 ലക്ഷം, ചങ്ങനാശേരി റവന്യൂ ടവര്‍ – 1.96 ലക്ഷം, തിരുവല്ല റവന്യൂ ടവര്‍ – 1.96 ലക്ഷം, താലൂക്ക് ആശുപത്രികളില്‍ തിരുവല്ല – 3.65 ലക്ഷം, റാന്നി – 2.75 ലക്ഷം തിരുവല്ല ഗവ. സ്കൂള്‍ – 7.67 ലക്ഷം, ചാത്തങ്കേരി ഗവ. സ്കൂള്‍ – 1.3 ലക്ഷം എന്നിങ്ങനെയാണ് കൂടിയ കുടിശിക തുകകള്‍.
സര്‍ക്കാര്‍ ഓഫീസുകളുടെയും മറ്റും കുടിശിക ഭീമമായി ഉയര്‍ന്നതിനാല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാതെ തരമില്ലെന്നും വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും ജല അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

