ചമ്പക്കുളം: കൊയ്തുകൂട്ടിയ നെല്ല് ചുമന്ന് ലോറിയിൽ കയറ്റാൻ ആളില്ലാത്തതു മൂലം സംഭരണം വൈകുന്നു. കൈനകരി കൃഷിഭവനു കീഴിലുള്ള പൊങ്ങ പൂപ്പള്ളി പാടശേഖരത്തിലെ ഒരുപറ്റം കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഈ പാടശേഖരത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവ് മൂലം സംഭരണം മന്ദഗതിയിലാകുന്നത്.
എന്നാൽ ഇതേ പാടശേഖരത്തിൽ എസി റോഡിനു സമീപമുള്ള പ്രദേശത്ത് വളരെ പെട്ടെന്ന് നെല്ല്സംഭരണം നടക്കുന്നുമുണ്ട്. വാരുകൂലി ഇനത്തിൽ 40 രൂപയും ചുമട്ടുകൂലിയായി 140 രൂപയും ഉൾപ്പെടെ 180 രൂപയാണ് കർഷകർക്ക് നെല്ലുസംഭരണ സമയത്ത് ഓരോ ക്വിന്റലിനും ചെലവാകുന്നത്.
ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവും അഭാവവുമാണ് ഇവിടെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മില്ലുകാർ നെല്ലുസംഭരണത്തിനെത്തിയാൽ എത്രയും വേഗം നെല്ല് കൈമാറാനുള്ള വ്യഗ്രതയിലാണ് ഓരോ കർഷകരും.
ചുമടിന് എത്തുന്ന തൊഴിലാളികൾ പരമാവധി സഹകരിക്കുന്നതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നു. പുതുതലമുറയിൽ പെട്ടവർ ചുമട്ടുതൊഴിലിന് ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം.

