ചാരുംമൂട്: ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. നൂറനാട് പാറ്റൂർ സ്വദേശികളായ കണ്ണൻ എന്ന കൃഷ്ണപ്രിയേഷ്, കിച്ചു എന്ന ഭരത് എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
ഒരാഴ്ച മുമ്പ് ഇടപ്പോണുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ രാത്രിയിൽ മദ്യം വാങ്ങാനെത്തിയ യുവാക്കൾ മദ്യം വാങ്ങിയതിനുശേഷം തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ വില കൂടിയ മറ്റൊരു കുപ്പി മദ്യം കൂടി കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഔട്ട്ലെറ്റിൽ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയുടെ കുറവ് കണ്ടത്.
തുടർന്ന് സ്റ്റോക്ക് ഇൻ ചാർജ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മദ്യക്കുപ്പികൾ മോഷണം പോയതായി തെളിയുകയും ചെയ്തത്.
തുടർന്ന് നൂറനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലിസ് സംശയമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ പ്രത്യേക അന്വേഷണസംഘത്തിലെ നൂറനാട് പോലീസ് എസ്ഐ ശ്രീജിത്ത്, എസ്സിപിഒമാരായ പ്രതാപചന്ദ്രൻ, കണ്ണൻ, ശരത്, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

