ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അഴിമതിക്കേസിൽ ടെൽ അവീവ് കോടതിയിൽ ഹാജരായി. അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിന് അപേക്ഷ നല്കിയെന്നറിയച്ചതിനു പിറ്റേന്നാണ് അദ്ദേഹം കോടതിയിലെത്തിയത്.
ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഇസ്രേലി പ്രധാനമന്ത്രിയെന്ന റിക്കാർഡ് സ്വന്തമായുള്ള നെതന്യാഹുവിനെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണുള്ളത്. 2002 മുതൽ ഭരിക്കുന്ന അദ്ദേഹത്തിനെതിരേ 2019ലാണു കുറ്റപത്രം നല്കിയത്.
കേസുകൾ ഭരണനിർവഹണത്തിനു തടസമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നെതന്യാഹുവിന്റെ അഭിഭാഷകർ പ്രസിഡന്റിനു മാപ്പപേക്ഷ നല്കിയത്. ഇസ്രയേലിലെ രീതി അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചാൽ മാത്രമാണു പ്രസിഡന്റ് മാപ്പു നല്കാറുള്ളത്.
വിചാരണയ്ക്കിടെ മാപ്പു നല്കിയ ചരിത്രമില്ല. മാപ്പപേക്ഷയ്ക്കെതിരേ ഇസ്രേലി പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. നെതന്യാഹു കുറ്റം സമ്മതിച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്നു പ്രഖ്യാപിച്ചാൽ മാപ്പു കൊടുക്കുന്നതിനെ അനുകൂലിക്കുമെന്നു പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റ് പറഞ്ഞു.
മാപ്പപേക്ഷയ്ക്കു മുന്പ് അടുത്ത വർഷം ഒക്ടോബറിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ നെതന്യാഹു തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. നെതന്യാഹു പോയാൽ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.

