മലയാളികൾക്ക് മറക്കാനാകാത്ത എവർഗ്രീൻ സിനിമയാണ് പ്രിയദർശന്റെ സംവിധാനത്തിൽ 1988ൽ പുറത്തിറങ്ങിയ ചിത്രം. 100-200 കോടി ക്ലബ്ബുകൾ പുതിയകാല സിനിമയ്ക്ക് അലങ്കാരമാകുമ്പോൾ 366 ദിവസങ്ങൾ തുടർച്ചയായി തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം മലയാളികളുടെ ഹൃദയത്തിലാണു പതിഞ്ഞത്.
മോഹൻലാലിന്റെ കുസൃതി നിറഞ്ഞ ചിരിയും വിങ്ങുന്ന ഓർമകളും ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. ആ സ്ഥാനത്തേക്ക് മോളിവുഡിന്റെ ന്യുജെൻ താരങ്ങളായ നസ്ലിനും മമിതയും വന്നാലോ? നസ്ലിനും മമിത ബൈജുവും വിഷ്ണുവും കല്യാണിയുമായി വേഷമിടുന്ന ഒരു കിടിലൻ എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
മോഹൻലാലും രഞ്ജിനിയും തകർത്താടിയ വേഷങ്ങൾ ഇരുവർക്കും ഇണങ്ങുന്നുണ്ടെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പകരക്കാരില്ലെന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. ഇവർ ചിരിപ്പിക്കും. പക്ഷേ, കരയിപ്പിക്കില്ല എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. സംവിധായകൻ അൽഫോൺസ് പുത്രൻ അടക്കമുള്ളവർ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.
ചിത്രം എന്ന മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക്കിന് പകരമാകാൻ കഴിയില്ലെങ്കിലും, ഈ എഐ പരീക്ഷണം ഒരു ഒന്നൊന്നര ‘ഫീൽ ഗുഡ്’ അനുഭവം തരുന്നുണ്ടെന്നാണ് അഭിപ്രായം. മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ, പൂർണം വിശ്വനാഥൻ, സുകുമാരി, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു ചിത്രം. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദർശൻ തിരക്കഥ രചിച്ച സിനിമ. ഇതു പിന്നീട് ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തിയെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു.

