ചെങ്ങന്നൂർ: സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ ചെങ്ങന്നൂർ പോലീസ് പിടികൂടി. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ് (30), വൈക്കം തലയാഴം സ്വദേശി എം.എസ്. ബിജു (45) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കൊഴുവല്ലൂരിലെ ആർ.പി ഫിനാൻസ് ഉടമ രാജൻപിള്ള നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
കഴിഞ്ഞദിവസങ്ങളിലായി 18 ഗ്രാം, 16 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന രണ്ടു മാലകളാണ് പ്രതികൾ സ്ഥാപനത്തിൽ പണയം വച്ചത്. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ 916 എന്ന് വ്യാജമായി പതിപ്പിച്ച മാലകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതുവഴി 2,60,000 രൂപ പ്രതികൾ കൈക്കലാക്കുകയും പിന്നീട് ഈ തുക ഇരുവരും ചേർന്ന് വീതം വയ്ക്കുകയും ചെയ്തു. പണയം വച്ച മാലകൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉടമ തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയിൽനിന്നുമാണ് പോലീസ് പിടികൂടിയത്.
പിടിയിലായ രണ്ടുപേരും സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. രണ്ടാം പ്രതി ബിജുവും മുൻപ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസുകളിൽ പ്രതിയാണ്.
ഇരുവരും മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്. ചെങ്ങന്നൂർ സിഐ എ.സി. വിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
