കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ “പരിവാഹന്‍’ സംവിധാനത്തിന്റെ മറവില്‍ വീണ്ടും പുതിയ രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പരിവാഹന്‍ ഫ്രോഡ് തട്ടിപ്പിന്റെ മറവില്‍ സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ തട്ടിയെടുത്തത് 17 ലക്ഷം രൂപയാണ്. ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലാണ് ഇത്രയും തുക നഷ്ടമായത്.
സംസ്ഥാനത്ത് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 28 പരിവാഹന്‍ ഫ്രോഡ് തട്ടിപ്പുകേസുകളാണ്. മുമ്പ് തട്ടിപ്പ് സംഘം വാട്സ്ആപ്പ് മെസേജ് ആണ് അയച്ചിരുന്നതെങ്കില്‍ പുതിയ തട്ടിപ്പ് രീതിയില്‍ എസ്എംഎസുകളാണ് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും അയക്കുന്നത്.
വാഹനത്തിന് പിഴ ലഭിച്ചിട്ടുള്ളതായ എസ്എംഎസ് അയച്ചു കിട്ടുന്നതിലൂടെയാണ് തട്ടിപ്പിന്റെ ആരംഭം. എസ്എംഎസില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രം പണമടക്കുന്നതിലുള്ള സൈറ്റില്‍ പ്രവേശിക്കും. തുടര്‍ന്ന് കാര്‍ഡ് നമ്പര്‍, സിവിവി തുടങ്ങിയവ എന്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡിലെ ബാലന്‍സ് ക്രെഡിറ്റ് തുക മുഴുവന്‍ നഷ്ടപ്പെടുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.
പൊതുജനങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങളിലൂടെ പണം അടയ്ക്കാന്‍ ശ്രമിക്കുകയോ തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം.
- സീമ മോഹന്‍ലാല്‍
