ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡരികിൽ അപകടത്തിൽപ്പെട്ട് മരിച്ചനിലയിൽ കണ്ടെത്തി. സുഹൃത്തുക്കളും അയൽവാസികളുമായ മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി.യു. നിവാസിൽ വേണുവിന്റെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമന്റെ മകൻ അഖിൽ (18 ) എന്നിവരാണു മരിച്ചത്.
ഇന്നു പുലർച്ചെയാണ് റോഡരികിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയും ഇവർ ഓടയിലും സമീപത്തുമായി വീഴുകയുമായിരുന്നു.
ഓടയിൽ വീണു കിടന്നതിനാൽ മറ്റു യാത്രക്കാരാരും കണ്ടില്ല. ഇന്ന് പുലർച്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
