നോട്ട് നിരോധനം പണികൊടുത്തത് ആംആദ്മി പാര്‍ട്ടിക്ക്! നാളെകളില്‍ തനിക്ക് ഭീഷണിയായേക്കാവുന്ന കേജരിവാളിനെ വെട്ടാനുള്ള മോദിയുടെ നീക്കമായിരുന്നോ?

modiഎല്ലാവിധ സംഭാവനാ വിവരങ്ങളും സുതാര്യമായി കൈകാര്യം ചെയ്യുന്നതും ഇത്തരം സംഭാവനകള്‍ കൃത്യമായ രേഖകള്‍ ഇല്ലാതെയോ കള്ളപ്പണമായോ സ്വീകരിക്കുകയോ ചെയ്യാത്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് തന്നെയാണ് പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിലൂടെ പണി കിട്ടിയത് എന്ന് പറഞ്ഞാല്‍ അതിനെ വൈരുദ്ധ്യം എന്നേ പറയാനാവൂ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി അനധികൃതമായി പണം  ശേഖരിച്ച് സൂക്ഷിച്ചു പോരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ട്‌നിരോധനം ഒരു തിരിച്ചടിയാവുമെന്നാണ് കരുതിയിരുന്നത്. മായാവതിയുടെ ബിഎസ്പിയ്‌ക്കോ, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയ്‌ക്കോ, കരുണാനിധിയുടെ ഡിഎംകെയ്‌ക്കോ ഒന്നും അല്ല ഇത്തരത്തില്‍ പണി കിട്ടിയത്. അഴിമതിയ്‌ക്കെതിരേ വാദിച്ച് ജനമനസില്‍ കയറിക്കൂടിയ ആം ആദ്മി പാര്‍ട്ടിക്കാണ്.

നോട്ട് നിരോധനം ആപ്പിന് ഒരു ആപ്പാകാനുള്ള പ്രധാനകാരണം അതിന്റെ ലക്ഷ്യങ്ങളാണ്. കള്ളപ്പണം തടയുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചതോടെ മറ്റൊരു അന്നാ ഹസാരെ ആവുകയായിരുന്നു മോദി. കള്ളപ്പണത്തിന്റെ ഉത്പാദനത്തിന് കാരണമാകുന്ന അഴിമതിക്കെതിരെ പടപൊരുതുന്ന ഒറ്റയാള്‍ പോരാളിയാണ് താനെന്ന അവബോധം ജനമനസുകളില്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒരുതരത്തില്‍ മോദിയുടെ ലക്ഷ്യം. പുതുയുഗത്തിന്റെ തുടക്കം എന്നാണ് മോദി ഈ പ്രക്രിയയെ വിശേഷിപ്പിച്ചത് തന്നെ. ഇനിയും കൂടുതല്‍ നടപടികള്‍ പിറകേ വരുന്നു. നികുതി വെട്ടിപ്പുകാര്‍, ബിനാമി ഇടപാടുകാര്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായുള്ള അനധികൃത ഫണ്ട് ശേഖരണം തുടങ്ങിയവയെ തുടച്ചുനീക്കാനുള്ളവയായിരിക്കും അവ.

ഇതിലൂടെയൊക്കെ മോദി ലക്ഷ്യം വയ്ക്കുന്നത് ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും തങ്ങള്‍ക്ക് ഭീഷണിയായി മാറിയേക്കാവുന്ന ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കുക എന്നതല്ലേ. കാരണം എന്ത് പറഞ്ഞാണോ ആം ആദ്മി തങ്ങളുടെ പാര്‍ട്ടിയെ ജനമനസുകളില്‍ പ്രതിഷ്ഠിക്കാനൊരുങ്ങിയത് അതേ മാര്‍ഗത്തിലൂടെയാണ് മോദിയും നീങ്ങിയത്. നോട്ട് നിരോധനം എന്ന ഒറ്റ ഉന്നംവയ്പ്പിലൂടെ മോദി വെടിവച്ചിട്ടത് രണ്ട് പക്ഷികളെയാണ്, തങ്ങള്‍ക്ക് ബദലായി വളരുന്ന ആം ആദ്മി എന്ന പാര്‍ട്ടിയെയും, അഴിമതിയ്‌ക്കെതിരേ പൊരുതുന്ന പാര്‍ട്ടി എന്ന പേരും.

Related posts