മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിനെ നന്ദേഡിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഏഴുപേർ പിടിയിൽ.
ഇന്നലെയാണു സംഭവം. നാന്ദേഡ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായ ജീവൻ ഘോഗ്രെ പാട്ടീൽ ഇന്നോവയിൽ യാത്ര ചെയ്യുമ്പോൾ, എതിർദിശയിൽനിന്നു വന്ന എസ്യുവി തടഞ്ഞുനിർത്തുകയും പാട്ടീലിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. മൂന്നുപേർ എൻസിപി നേതാവിനെ എസ്യുവിയിലേക്ക് ബലമായി പിടിച്ചുകയറ്റുന്നതിന്റെ ദശ്യങ്ങൾ പുറത്തുവന്നിരുന്നു.
അജ്ഞാതമായ സ്ഥലത്തുകൊണ്ടുപോയി മർദിച്ചെന്ന് പാട്ടീൽ പറഞ്ഞു. ആക്രമണത്തിനു മറ്റൊരിടത്ത് ഉപേക്ഷിച്ചെന്നും പാട്ടിൽ. തന്റെ പാർട്ടി സഹപ്രവർത്തകരായ പ്രതാപ്റാവു ഗോവിന്ദറാവു ചിഖാലിക്കർ, മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പാട്ടീൽ ആരോപിച്ചു.
അക്രമത്തിനു പ്രേരണ നൽകിയതിനും പ്രേരിപ്പിച്ചതിനും നന്ദേഡിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ പ്രതാപ് പാട്ടീൽ ചിഖ്ലിക്കർ, മുൻ എംഎൽഎ മോഹൻറാവു മരോത്റാവു ഹംബാർഡെ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
