കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും പറയുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാരിന്റെ അപ്പീല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്.
എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട്.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചേക്കും.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.
