കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപുരിലേക്ക് മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പോകുകയായിരുന്നു ശ്രീമതി.
സെക്കൻഡ് എസിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു.
എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലര്‍ച്ചെ നാലിന് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമസ്തിപൂരിന് അടുത്തുള്ള ദൽസിംഗ്സാരായിലാണ് സമ്മേളനം നടക്കുന്നത്.
