മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.എസ്. ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്. റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനു ശേഷവും കാഴ്ചക്കാരന്റെ മനസിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
ഒരു റിപ്പോർട്ടറുടെ കൈയിലുള്ള കാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ കാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
ടി. സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം.വി, ഗൗതം എസ്. കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൗണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.സൗണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്.
ചിത്രത്തിന്റെ ശബ്ദമിശ്രണം, സൗണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ. എസ്. ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. പിആർഒ അജയ് തുണ്ടത്തിൽ.
